
അഞ്ചാലുംമൂട്: ബൈക്കിലെത്തിയ യുവാക്കൾ കടയിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് രക്ഷപ്പെട്ടു. ചെമ്മക്കാട് മേൽപ്പാലത്തിന് സമീപത്തെ കരുമാലിൽ ഏജൻസീസ് എന്ന പടക്ക കടയിലെ മേശയിലുണ്ടായിരുന്ന 33000 രൂപയാണ് മോഷണം പോയത്. ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. കെപ്‌കോ ചിക്കൻ, ബേക്കറി, പടക്ക കട എല്ലാം ഒരേനിരയിലാണ്. ബേക്കറിയും പടക്കകടയും നോക്കി നടത്തുന്ന കട ഉടമയായ സൂരജ് ബേക്കറിയിലെത്തിയ ഉപഭോക്താവിന് സാധനം എടുത്ത് നൽകുന്നതിനിടെയാണ് രണ്ട് യുവാക്കൾ കടയ്ക്ക് മുന്നിലെത്തിയത്.സൂരജ്, ബേക്കറിയലെത്തിയ ആൾക്ക് സാധനം എടുത്ത് നൽകുന്നതിനിടെ യുവാക്കളിലൊരാൾ പടക്ക കടയ്ക്കുള്ളിലേക്ക് കയറുകയും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് ബൈക്കിൽ കയറി കുണ്ടറ ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. പണവുമെടുത്ത് ബൈക്കിൽകയറുന്ന സമയത്താണ് സൂരജ് യുവാക്കളെ ശ്രദ്ധിച്ചത്. പിറകേ ഓടിയെങ്കിലും പിടിക്കാനായില്ല. തുടർന്ന് അഞ്ചാലുംമൂട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സ്ഥിരം മോഷ്ടാവായ കുളപ്പാടം സ്വദേശിയായ യുവാവാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കടയുടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവ് ശേഖരിച്ചു. ഇതേയുവാവ് ആഴ്ചകൾക്കു മുമ്പ് കുഴിയത്ത് ഒരു ക്ഷേത്രത്തിലും കുഴിയത്തെ പെയിന്റ് കടയിലും മോഷണശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞതായും ഇരുവരും ഉടൻ പിടിയിലാകുമെന്നും അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.