തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേലിനെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലക്കൽ, മുഹമ്മദ് ഷാ (27), കോയിവിള ഫാത്തിമ ഹൗസിൽ യൂസഫ് (58) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജു അറിയിച്ചു.
മർദ്ദനം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട 15 ഓളം വരുന്ന കണ്ടാൽ അറിയാവുന്നവരെയാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കരുനാഗപ്പള്ളി സ്വദേശിയായ യുവാവും കോയിവിള സ്വദേശിയായ യുവതിയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം തൊടിയൂർ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ചേർന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെയാണ് അക്രമമുശായത്. കോയിവിള ഭാഗത്തു നിന്നെത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പാലോലിക്കുളങ്ങര ജമാഅത്ത് ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. ജമാഅത്ത് ഓഫീസിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്ന് ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ദ്ധർ ഇന്നലെ ജമാഅത്ത് ഓഫീസിൽ എത്തി തെളിവുകൾ ശേഖരിച്ചു.