
കൊട്ടിയം: ഓടയുടെ മേൽമൂടി നിർമ്മാണം വൈകുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. കോർപ്പറേഷനിലെ കൊല്ലൂർവിള ഡിവിഷനിലെ ആദിക്കാട് ക്ഷേത്രത്തിന് മുന്നിൽ നിന്നു ഭാരത് നഗറിലൂടെ വൈ മുക്കിലേക്ക് പോകുന്ന ഓടയുടെ മേൽമൂടി നിർമ്മാണമാണ് മാസങ്ങളായി പാതിവഴിയിൽ മുടങ്ങി കിടക്കുന്നത്. നിലവിലുണ്ടായിരുന്ന മേൽമൂടി പൊളിച്ചുമാറ്റി മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം ആരംഭിച്ചിട്ടില്ല.
ഓടയ്ക്ക് മുകളിൽ കൂട്ടി വച്ചിരിക്കുന്ന മണ്ണും ചെളിയും കാരണമുണ്ടാകുന്ന ദുർഗന്ധവും ഓടയിൽ കെട്ടികിടക്കുന്ന മലിനജലത്തിൽ നിന്നുള്ള പ്രാണികളും പ്രദേശവാസികൾക്ക് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. മേൽമൂടി ഇല്ലാത്തതിനാൽ ഓടയിൽ വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. ഓടയുടെ പുനർനിർമ്മാണത്തിന്റെ ഭാഗമായി ഭാരത് നഗറിലെ ഇരുപതോളം വീടുകളിലേക്കുണ്ടായിരുന്ന വാട്ടർ അതോറിട്ടിയുടെ ജല വിതരണ പൈപ്പ് അടച്ചു പൂട്ടിയതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസമായി പ്രദേശവാസികൾക്ക് കുടിവെള്ളവും ലഭിക്കുന്നില്ല. കിണറുകൾ ഇല്ലാത്തിനാൽ പല കുടുംബങ്ങൾക്കും വെള്ളം വിലയ്ക്കു വാങ്ങേണ്ട സ്ഥിതിയാണ്. ഓടയുടെ മേൽമൂടി നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യവുമായി ഭാരത് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി.
കരാറുകാരന്റെ മെല്ലപ്പോക്ക് നയമാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങാൻ ഇടയാക്കിയത്.
ഹംസത്ത് ബീവി
ഡിവിഷൻ കൗൺസിലർ