കൊല്ലം: കാവനാട് മണിയത്ത് മുക്കിൽ ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് സമീപത്തെ സാനി​ട്ടറി​ കട കത്തി​നശി​ച്ചു. ആർ.എസ്. പ്രദീപിന്റെ ഉടമസ്ഥതയി​ലുള്ള ആർ.എസ് സാനിട്ടറി കടയിൽ ഇലെ രാവി​ലെ പത്തോടെ ആയി​രുന്നു സംഭവം. കടയിലെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതും സമീപത്ത് പാർക്ക് ചെയ്തി​രുന്നതുമായ മഹീന്ദ്ര മാക്സിമോ വാനും കത്തിനശിച്ചു. മൂന്നു കോടി​യോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പി​ടി​ത്തത്തി​ന്റെ കാരണം വ്യക്തമല്ല.

ഒരു മുറിയിലാണ് കട പ്രവർത്തി​ച്ചി​രുന്നത്. ഇലക്ട്രിക്, സാനിട്ടറി, ഹാർഡ്‌വെയർ സാധനങ്ങളടക്കം പൂർണമായും കത്തി​നശി​ച്ചു. മൻസൂറി​ന്റെ ഉടമസ്ഥതയി​ൽ സമീപത്ത് പ്രവർത്തിച്ചിരുന്ന ആക്രിക്കട ഭാഗികമായി കത്തി. കടയിൽ ഉണ്ടായിരുന്ന മീൻവലകളും റോപ്പുകളും അഗ്നിക്ക് ഇരയായി. മൻസൂറിന് മൂന്നുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൻസൂറാണ് കടയിൽ നിന്ന് പുക ഉയരുന്നത് ആദ്യം കാണുന്നത്. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ വിവരമറിച്ചു. ചാമക്കട, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണി​റ്റുകളി​ലും അറി​യി​ച്ചു. കാവനാട് കെ.എസ്.ഇ.ബി​ ഉദ്യോഗസ്ഥർ ഉടൻതന്നെ വൈദ്യുതി വിച്ഛേദിച്ചു. സന്ദേശം ലഭിച്ച് ആറ് മിനിറ്രിനുള്ളിൽ സ്റ്റേഷൻ ഓഫീസർ ഡി​. ഉല്ലാസി​ന്റെ നേതൃത്വത്തിൽ ചാമക്കടയിൽ നിന്നുള്ള ആദ്യത്തെ ഫയർഫോഴ്സ് യൂണി​റ്റ് സ്ഥലത്തെത്തി. അപ്പോഴേക്കും കടയിൽ നിന്ന് വലിയതോതിൽ പുക ഉയരുന്നുണ്ടായിരുന്നു. ഉടൻതന്നെ തീകെടുത്താൻ ശ്രമി​ച്ചതോടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. കുണ്ടറ, പരവൂർ, കടപ്പാക്കട എന്നിവിടങ്ങളിൽ നി​ന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും വൈകാതെ എത്തി​. മൂന്നുമണിക്കൂർ നീണ്ടതീവ്ര പരിശ്രമത്തിലൂടെ തീ കെടുത്തി​. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ശ്വാസ തടസം

നഗരസഭയുടെ രണ്ട് ജെ.സി.ബി ഉപയോഗിച്ച് കട പൂ‌ർണമായും പൊളിച്ചുമാറ്രി. ഇതിനിടെ പി.വി.സി പൈപ്പടക്കം കത്തിയ വിഷപ്പുക ശ്വസിച്ച് കരുനാഗപ്പള്ളി യൂണിറ്രിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാഷിമിന് ശ്വാസതടസമുണ്ടായി. തുടർന്ന് ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചു. ജില്ലാ ആശുപത്രിയിൽ നിന്ന് ഒരു മെഡിക്കൽ സംഘം സംഭവസ്ഥത്ത് നിലയുറപ്പിച്ചിരുന്നു. രൂക്ഷമായ പുക ശ്വസിച്ച് ചിലർക്ക് ശ്വാസംമുട്ടലുണ്ടായതൊഴിച്ച് ആളപായങ്ങളൊന്നും സംഭവിച്ചില്ല. കൊല്ലം വെസ്റ്റ്, കൺട്രോൾ റൂം, ശക്തികുളങ്ങര എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും കമ്മി​ഷണറുടെ സ്ട്രൈക്കിംഗ് ഫോഴ്സും സ്ഥലത്തുണ്ടായിരുന്നു. മേയർ പ്രസന്ന ഏണസ്റ്ര്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.