കൊല്ലം: ഇന്നലെ രാവിലെ പത്തര മുതൽ മണിക്കൂറുകളോളം ഭീതി​യുടെ പുകപടലങ്ങളി​ൽ മുങ്ങി​ നി​ൽക്കുകയായി​രുന്നു കാവനാട്. തൊട്ടടുത്ത് നിൽക്കുന്നവരെപ്പോലും കാണാനാവാത്ത അവസ്ഥ. പലർക്കും ശ്വാസ തടസം അനുഭവപ്പെട്ടു. അസഹ്യമായ ചൂട് കാരണം ഫയർഫോഴ്സിന് ആദ്യഘട്ടത്തിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് കെട്ടിടത്തിനടുത്തേക്കു പോലും എത്താനായത്. ആർ.എസ് സാനിട്ടറിയോട് ചേർന്നുള്ള, ഉടമ പ്രദീപിന്റെ കുടുംബവീടും തീപിടി​ത്തത്തിന്റെ നിഴലിലായിരുന്നു. സമീപത്തെ ആക്രിക്കടയ്ക്ക് ഭാഗികമായി തീപിടിച്ചെങ്കിലും നാട്ടുകാരുടെയും ഫയർഫോഴ്സി​ന്റെയും സമയോചിതമായ ഇടപെടൽ മൂലം തീപടരുന്നത് തടയാൻ സാധിച്ചു. വൻ ജനക്കൂട്ടം സംഭവസ്ഥലത്തുണ്ടായി​രുന്നു. മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് അഗ്നിബാധ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. അവധിദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി​.

1.15 ലക്ഷം ലിറ്റർ വെള്ളം, 65 സേനാംഗങ്ങൾ

നാടിനെ പരിഭ്രാന്തിയിലാക്കിയ തീപിടി​ത്തം നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്സ് ഉപയോഗിച്ചത് 1.15 ലക്ഷം ലിറ്റർ വെള്ളം. ചാമക്കട,കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നുള്ള വെളളമാണ് ആദ്യം ഉപയോഗിച്ചത്. അവസാന ഘട്ടത്തിൽ വാട്ടർ അതോറിട്ടി​യുടെ സഹായവും ലഭിച്ചു. ആറ് ഫയർസ്റ്രേഷനുകളിൽ നിന്നായി 65 സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. 600 ലിറ്റർ ഫോം കോമ്പൗണ്ടും ഉപയോഗിച്ചു. വിഷപ്പുക ഉയരുന്ന സാഹചര്യത്തിൽ ബ്രീത്തിംഗ് അപാരറ്റസ് അടക്കമുള്ളവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദുരൂഹതയെന്ന് കടയുടമ

ആർ.എസ് സാനിട്ടറി​റി ഉടമ പ്രദീപ് സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് കടയിലെത്തിയിരുന്നു. സമീപത്തായി​ പണിനടക്കുന്ന പുതിയ കടയുടെ താക്കോൽ എടുക്കാനാണ് പ്രദീപ് കടയിലെത്തി​യത്. തുടർന്ന് കവാനാടുള്ള ജിംനേഷ്യത്തി​ലേക്കു പോയി. തീപിടിച്ച വിവരമറിഞ്ഞ് പത്തരയോടെയാണ് സ്ഥലത്തെത്തുന്നത്. ഞായറാഴ്ച കട അവധിയാണ്. കടയ്ക്ക് പിന്നിലുള്ള കുടുംബവീട്ടിൽ അമ്മ സുമതിക്കുട്ടി ഉണ്ടായിരുന്നു. അധികം വൈകാതെ അമ്മയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. 2002ൽ ആണ് കട തുടങ്ങി​യത്. പി.വി.സി പൈപ്പ്, ടാപ്പ്, ഹോസ്, ക്ലോസെറ്റ് സെറ്റ് തുടങ്ങി സാനിട്ടറി, ഹാർഡ്‌വെയർ സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രദീപ് പറഞ്ഞു. ഇതുസംബന്ധിച്ച് ശക്തികുളങ്ങര പൊലീസിൽ പരാതി നൽകി. തീപിടി​ത്തതിന്റെ കാരണം വ്യക്തമല്ലെന്നും അന്വേക്ഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

ആദ്യം പുക, പിന്നെ സ്ഫോടനം

കടയിൽ നിന്ന് ആദ്യം പുക ഉയർന്നെന്നും പിന്നെ സ്ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.

തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ആൽത്തറ മൂട്ടിൽ നിന്ന് ബൈപാസ് വഴിയാണ് തിരിച്ചു വിട്ടത്. എറണാകുളം ഭാഗത്തേക്കുള്ളവ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിച്ചു വിട്ടു. മരുത്തടിവഴിയും വാഹനങ്ങൾ കടത്തിവിടുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഗതാഗതം പഴയപടിയാക്കിയത്.