
അഞ്ചാലുംമൂട്: കുരച്ച് ചാടി കൂട്ടമായി തെരുവുനായ്ക്കൾ കടിച്ചുകീറാൻ ഓടിയടുക്കുന്നതിനാൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണ് കുരീപ്പുഴക്കാർ.
ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപന അധികൃതരും തയ്യാറാകുന്നില്ല.
കുരീപ്പുഴയിലെ കൊച്ചാലുംമൂട്, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പരിസരം, പഴയ ടോൾ പ്ലാസ പരിസരം, കുരീപ്പുഴ മുസ്ലീം പള്ളി പ്രദേശം, കീക്കോലിൽ മുക്ക്, പ്ലാവറക്കാവ്, ഇലവൺ ആർട്സ് എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.
കാൽനട യാത്രക്കാർക്ക് നേരെയും സൈക്കിൾ, ഇരുച്ചക്ര വാഹന യാത്രക്കാർക്ക് നേരെയുമാണ് ഇവയുടെ ആക്രമണം കൂടുതലായുണ്ടാകുന്നത്. ഒരു ഗവ. യു.പി സ്കൂളും രണ്ട് സ്വകാര്യ സ്കൂളുകളുമുള്ള പ്രദേശമാണ് കുരീപ്പുഴ.
ദിനംപ്രതി നിരവധി വിദ്യാർത്ഥികളാണ് ഈ വഴികളിലൂടെ സ്കൂളുകളിലേക്കെത്തുന്നത്. കൊച്ചാലുംമൂട്ടിലെ ഗവ. സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കാൽനടയായും സൈക്കിളിലുമാണ് സ്കൂളുകളിലെത്തുന്നത്. കുട്ടികൾക്ക് നേരെയും തെരുവുനായ്ക്കൾ പാഞ്ഞടുക്കുന്നുണ്ട്. ഇവരെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തുന്നത്.
കുരീപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ വീടിന് മുന്നിൽ നിന്ന് കളിക്കുന്ന കുട്ടികൾക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. റോഡരികിലും വഴിയോരങ്ങളിലും ഇറച്ചി മാലിന്യം ഉൾപ്പെടെ വാഹനങ്ങളിലെത്തിച്ച് തള്ളുന്നതാണ് ഇവയുടെ ശല്യം രൂക്ഷമാകാൻ കാരണം.
രാത്രിയാൽ മതിയായ വെളിച്ചമില്ലാത്ത ബൈപ്പാസ് റോഡിൽ ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് തെരുവുനായ്ക്കൾ ചാടി യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കുന്നതും പതിവാണ്. മാസങ്ങൾക്ക് മുമ്പ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ നിലച്ച മട്ടാണ്.
സന്ധ്യ മയങ്ങിയാൽ ഭീതി വർദ്ധിക്കും
പകലും രാത്രിയും കുരീപ്പുഴയിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും യാത്രക്കാർക്ക് സഞ്ചരിക്കാനാകാത്ത സ്ഥിതി
കുരീപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെ വാഹനങ്ങളിലെത്തിച്ച് വലിച്ചെറിയുന്നു
മാലിന്യം കഴിക്കാനെത്തുന്ന തെരുവുനായ്ക്കൾ പെറ്റുപെരുകി
കൊല്ലത്ത് നിന്ന് ജോലി കഴിഞ്ഞ് രാത്രിയിൽ വരുന്ന സ്ത്രീകളും ട്യൂഷൻ കഴിഞ്ഞെത്തുന്ന കുട്ടികളും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നു
തെരുവുനായ്ക്കളുടെ ശല്യം അസഹ്യമായിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണ്. അടിയന്തര പരിഹാരം വേണം.
നാട്ടുകാർ