കൊല്ലം: ജി​ല്ലയി​ൽ മുൻഗണന റേഷൻ കാർഡുകൾ അനർഹമായി​ കൈവശം വച്ചിരുന്ന 5,594 പേരെ മുൻഗണനേതര (നോൺ സബ്‌സിഡി ) വിഭാഗത്തിലേക്ക് മാറ്റി. മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്താക്കിയവരുടെ പേര് വിവരങ്ങൾ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

അർഹരല്ലാത്ത നിരവധി പേർ മുൻഗണന ലിസ്റ്റിലുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർക്ക് രേഖാമൂലം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കാനുള്ള നടപടികൾ കടുപ്പിച്ചത്. മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം റേഷനിംഗ് ഇൻസ്‌പെക്ടർമാർ പരിശോധിച്ച് റിപ്പോർട്ട് നൽകുകയും തുടർന്ന് അനർഹരെ ഒഴിവാക്കുകയുമായിരുന്നു. മുൻകാലങ്ങളിൽ ഇങ്ങനെ മുൻഗണന കാർഡുകൾ കൈവശം വച്ചിരുന്നവർക്കെതിരെ പിഴ ചുമത്തിയിരുന്നെങ്കിലും നിലവിൽ പിഴ ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിൽ ആകെ 7,92,987 കാർഡുടമകളാണുള്ളത്. മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവർക്ക് പുറമേ ഓണക്കിറ്റ് വാങ്ങാത്ത ഉപഭോക്താക്കളുടെയും ലിസ്റ്റ് സിവിൽ സപ്ലൈസ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇവർ എന്തു കൊണ്ടാണ് കിറ്റ് വാങ്ങാത്തത് എന്നതടക്കമുള്ള സാഹചര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റേഷനിംഗ് ഇൻസ്‌പെക്ടർമാർക്ക് നി​ർദ്ദേശം നൽകിയിരുന്നു.

ഒഴി​വാക്കപ്പെട്ടവർ

പിങ്ക് കാർഡ് മുൻഗണന വിഭാഗം (പി.എച്ച്.എച്ച്): 5110

മഞ്ഞക്കാർഡ് (എ.എ.വൈ): 475

നീല കാർഡ് (എൻ.പി.എസ്): 9

അനർഹർ അധികം കൊല്ലം താലൂക്കിൽ

ജില്ലയിൽ അനർഹമായി മുൻഗണന കാർഡുകൾ മറ്റ് വിഭാഗത്തിലേക്ക് മാറ്റിയത് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ പരിധിയിലാണ്, 2972. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ പരിധിയിലാണ് അനർഹർ കുറവുള്ളത്, 239.

മുൻഗണന പട്ടികയിൽ ഉൾപ്പെടാത്തവർ

1. ആയി​രം ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ

2. കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥർ

3. വിവിധ സർക്കാർ പെൻഷൻ വാങ്ങുന്നവർ

4. ഡോക്ടർമാർ, സ്വന്തമായി കാറുള്ളവർ

5. 25000 രൂപയ്ക്ക് മുകളിൽ മാസ വരുമാനമുള്ളവർ

6. വിദേശത്ത് ജോലി ചെയ്യുന്നവർ

7. ഒന്നിലധികം വീട് സ്വന്തമായുള്ളവർ

...........................................

ജില്ലയിലെ ആകെ റേഷൻ ഗുണഭോക്താക്കൾ: 27,94,474

മുൻഗണന വിഭാഗം

പിങ്ക് കാർഡ്: 11,36,007

മഞ്ഞക്കാർഡ്: 1,57,936

മുൻഗണനേതര വിഭാഗം

നീല കാർഡ്: 6,71,2,33

വെള്ളക്കാർഡ്: 8,28,321