കൊല്ലം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ നീണ്ടകരയിൽ നിർമ്മാണം നടത്തുന്ന അടിപ്പാതയുടെ രൂപകൽപ്പനയും നിർമ്മാണവും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയോടും കേന്ദ്ര ദേശീയപാത, റോഡ് ഗതാഗത വകുപ്പ് മന്ത്രിയോടും ദേശീയപാത അതോറിട്ടി ചെയർമാനോടും ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ റോഡ് നിർമ്മാണത്തിന്റെ രൂപകല്പനയിലുള്ള അശാസ്ത്രീയത കാരണം വേട്ടുതറയിലെയും പരിമണത്തെയും അടിപ്പാതകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. പ്രദേശവാസികളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകണം. അടിപ്പാതകൾ ഒഴിവാക്കിയതും നീണ്ടകരയിലെ അടിപ്പാതയുടെ രൂപകൽപ്പന നടത്തിയിരിക്കുന്നതും പ്രദേശത്തിന്റെ പ്രത്യേകതയോ ആവശ്യകതയോ കണക്കിലെടുക്കാതെയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ നീണ്ടകരയിൽ എത്തിച്ചേരുന്ന വാഹനങ്ങളുടെ വലുപ്പമോ എണ്ണമോ പരിഗണിക്കാതെയാണ് രൂപകൽപ്പന. നിലവിലെ സ്ഥിതിയിൽ വാഹനങ്ങൾക്ക് സുഗമമായി ഇരുവശങ്ങളിലേക്കും കടക്കുവാൻ കഴിയാത്ത അവസ്ഥയാണ്. ചെറിയ വാഹനങ്ങൾ പോലും കടന്നു പോകുവാൻ കഴിയാത്ത വിധം ഇടുങ്ങിയ രീതിയിലാണ് അടിപ്പാതയും സർവീസ് റോഡുകളും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്. ദേശീയപാതയുടെ പടിഞ്ഞാറ് വശം തുറമുഖം ഉൾപ്പെടെ വളരെ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കിഴക്കുവശം മത്സ്യ തൊഴിലാളികൾ ഉൾപ്പെടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും നിരവധി മത്സ്യ വ്യവസായ സംസ്‌കരണ യൂണിറ്റുകൾ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വേട്ടുതറയിലെയും പരിമണത്തെയും അടിപ്പാത നിർമ്മിക്കുന്നതിനും നടപടി ആവശ്യമാണ്.

വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്താനും നീണ്ടകരയിലെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങൾ ബന്ധിപ്പിക്കുന്ന അടിപ്പാതയുടെയും സർവീസ് റോഡിന്റെയും രൂപകൽപ്പന സംബന്ധിച്ച് അന്വേഷണം നടത്തുവാനും സൗകര്യപ്രദമായ രീതിയിൽ നിർമ്മാണം ഉറപ്പുവരുത്തുവാൻ നടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേ മചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.