govindan
സി.പി.എം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദ്രൻ സലീം മണ്ണേൻ്റെ വീട് സന്ദർശിച്ചപ്പോൾ

തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേലിനെതിരെ ഉണ്ടായത് ആസൂത്രിത കൊലപാതകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മരണപ്പെട്ട സലീം മണ്ണേലിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്ത് തീർക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതരായി മനപൂർവ്വം തന്നെ പ്രിയപ്പെട്ട സഖാവിനെ ആക്രമിക്കുകയായിരുന്നു. എസ്.ഡി.പി.ഐയുടെ ഒരു വിഭാഗം ക്രിമിനലുകളാണ് ആസൂത്രിതമായി ഇത് ചെയ്തത്. തർക്കമുള്ള പ്രശ്നത്തിൽ ഏതെങ്കിലും പക്ഷത്തു നിൽക്കുകയോ ആ രീതിയിൽ സംസാരിക്കുകയോ ചെയ്യാത്ത സലീമിനെതിരെയാണ് ആക്രമണം ഉണ്ടായത്. പല വാഹനങ്ങളിലായി എത്തിയ 17 ഓളം വരുന്ന സംഘം മധ്യസ്ഥതയുടെ മറവിൽ ആക്രമണം നടത്തുകയായിരുന്നു. സ്വന്തം പ്രദേശത്ത് ഇത്തരം വർഗീയ ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും മതേതര നിലപാട് ഉയർത്തിപ്പിടിക്കുകയും ചെയ്ത സലീമിനെ ലക്ഷ്യം വെച്ച് ആക്രമണം
നടത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ആസൂത്രിതമായ കൊലപാതകം എന്ന് കണ്ടുകൊണ്ടുള്ള സമീപനം സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി.പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ.പി.കെ.ബിജു, ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.