പ്രധാന വി​ഷയം സർക്കാരി​ന്റെ മെല്ലെപ്പോക്ക്

കൊല്ലം: നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അഞ്ചേകാൽ വർഷമായിട്ടും ഞാങ്കടവ് കുടിവെള്ള പദ്ധതി മുട്ടി​ലി​ഴയുന്നു. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ഞാങ്കടവിൽ നിർമ്മിക്കുന്ന തടയണയുടെ ടെണ്ടർ അംഗീകരിക്കുന്നതിലും കുണ്ടറയ്ക്കടുത്ത് ഒരു കിലോ മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ദേശീയപാത അതോറിട്ടി​യുടെ അനുമതി വാങ്ങുന്നതിലും സർക്കാർ പുലർത്തുന്ന അനങ്ങാപ്പാറ നിലപാടാണ് തടസം.

‌ഞാങ്കടവിലെ കിണറ്റിൽ എല്ലാസമയവും ജലലഭ്യത ഉറപ്പാക്കാൻ തൊട്ടടുത്ത് കല്ലടയാറ്റിൽ തടയണ നിർമ്മിക്കാനുള്ള റീ ടെണ്ടറിലെ ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റിനെക്കാൾ 17 ശതമാനം കൂടുതലാണ്. 10 ശതമാനത്തിന് മുകളിലാണെങ്കിൽ കരാർ ഒപ്പിടാൻ സർക്കാരിന്റെ അനുമതി വേണം. കഴിഞ്ഞ സെപ്തംബറിൽ അനുമതിക്കായി കൈമാറിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ‌ഞാങ്കടവിൽ നിന്നു വസൂരിച്ചിറയിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈൻ 98 ശതമാനത്തോളം സ്ഥാപിച്ചി​ട്ടുണ്ട്. എന്നാൽ കുണ്ടറയ്ക്കും നാന്തിരിക്കലിനും ഇടയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിക്കാൻ ദേശീയപാത അതോറിട്ടി​ അനുമതി നൽകിയിട്ടില്ല. രണ്ടര വർഷമായിട്ടും ദേശീയപാത അതോറിട്ടി​യിൽ സമ്മർദ്ദം ചെലുത്താൻ സർക്കാർ മി​നക്കെടുന്നുമി​ല്ല.

ഞാങ്കടവ്, വസൂരിച്ചിറ എന്നിവിടങ്ങളിൽ പമ്പ് സെറ്റ്, ട്രാൻസ്‌ഫോർമർ എന്നിവ സ്ഥാപിച്ചിട്ടില്ല. പ്രത്യേകം നിർമ്മിച്ച പമ്പ് സെറ്റുകളാണ് സ്ഥാപിക്കേണ്ടത്. ഇതിനായി ഒടുവിൽ ക്ഷണിച്ച കരാറിന്റെ ടെണ്ടർ തുക എസ്റ്റിമേറ്റിനെക്കാൾ 37 ശതമാനം മുകളിലാണ്. ഇതിനും സർക്കാരിന്റെ അനുമതി വാങ്ങണം.

ആറി​ടത്ത് കുടിവെള്ളം

കൊല്ലം കോർപ്പറേഷൻ, കൊറ്റങ്ങര എന്നീ തദ്ദേശ സ്ഥാപന പരിധികളിൽ കുടിവെള്ളം എത്തിക്കാനാണ് ‌ഞാങ്കടവ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ തൃക്കരുവ, പനയം, മൺറോത്തുരുത്ത്, പെരിനാട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ ആലോചനയുണ്ട്. ഇതിനായി ജൽ ജീവൻ മിഷനിൽ ഉൾപ്പെടുത്തി പെരിനാട് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഞാങ്കടവിൽ ആദ്യം തീരുമാനിച്ചിരുന്ന 100ന് പകരം 116 എം.എൽ.ഡി പമ്പ് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ടെണ്ടർ.

# പദ്ധതിയുടെ കി​ടപ്പുവശം

 നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2018 ഒക്ടോബറിൽ

 ഞാങ്കടവിൽ 12 മീറ്റർ വ്യാസമുള്ള കിണർ നിർമ്മാണം പൂർത്തിയായി

 ഞാങ്കടവിൽ നിന്നു വസൂരിച്ചിറയിലേക്കുള്ള പൈപ്പിടൽ 98 ശതമാനം

 വസൂരിച്ചിറയിൽ 100 എം.എൽ.ഡി ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയായി

 20 ലക്ഷം ലിറ്ററിന്റെ ടാങ്കും പൂർത്തിയായി

 മണിച്ചിത്തോട്ടിൽ 54 ലക്ഷം ലിറ്ററിന്റെ സംഭരണ ടാങ്ക് പൂർണം

 വസൂരിച്ചിറയിൽ നിന്നു ആനന്ദവല്ലീശ്വരത്തേക്ക് പൈപ്പിടൽ പൂർണം