പ്രതിസന്ധിയിലായി കച്ചവടക്കാർ

പരവൂർ: പരവൂർ പട്ടണത്തിലെ പൊടിശല്യത്തിൽ വലഞ്ഞ് യാത്രക്കാരും വ്യാപാരികളും. ജല അതോറിട്ടി വിതരണക്കുഴൽ സ്ഥാപിക്കാൻ റോഡ് മുറിച്ചതും റോഡിന്റെ വശങ്ങൾ ബലപ്പെടുത്താൻ കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇരുവശവും മെറ്റലുകൾ നിരത്തിയതുമാണ് പൊടിശല്യം വർദ്ധിക്കാൻ കാരണം. വലിയ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ ശമിക്കാൻ ഏറെസമയം വേണ്ടിവരും. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.

പരവൂർ ചന്തയിലെ കച്ചവടക്കാരാണ് പൊടിശല്യം കാരണം ഏറെ ബുദ്ധിമുട്ടുന്നത്. പൊടികയറാതിരിക്കാൻ സാധനങ്ങൾ ഏതുസമയവും മൂടിവവയ്‌ക്കേണ്ട അവസ്ഥയാണ്. ഹോട്ടലുകളുടെയും സ്ഥിതി സമാനമാണ്. കരാറുകാർ ഇടയ്ക്ക് റോഡിൽ വെള്ളമൊഴിക്കുമെങ്കിലും മിനിറ്റുകൾ മാത്രമാണ് ആശ്വാസം ലഭിക്കുന്നത്.


പാരിപ്പള്ളി, തെക്കുംഭാഗം, പൊഴിക്കര റോഡുകളിലാണ് പൊടിശല്യം കൂടുതൽ. പൊടി ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം തുടങ്ങുമെന്ന് നഗരസഭാ കൗൺസിലർ ആർ.ഷാജി അറിയിച്ചു.