photo
കൊട്ടാരക്കര ഹൈടെക് മാർക്കറ്റിന്റെ മാതൃക

കൊട്ടാരക്കര: കൊട്ടാരക്കര ചന്ത താത്കാലിക ഇടത്തേക്ക് മാറ്റുന്നതിന് സർക്കാർ അനുമതി. അടുത്ത മാസം മാറ്റും. തുടർന്ന് ഹൈടെക് മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ചന്തയ്ക്ക് സമീപത്ത് തന്നെ ലോട്ടസ് റോഡിൽ സ്വകാര്യ ഭൂമിയിലാണ് താത്കാലിക ചന്ത പ്രവർത്തിക്കുക. നഗരസഭ സ്വകാര്യ ഭൂമി വാടകയ്ക്ക് എടുത്തിട്ടാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി ചന്ത അവിടേക്ക് മാറ്റാൻ ശ്രമിച്ചുവെങ്കിലും നടപടിക്കുരുക്കുകളിൽ കുടുങ്ങി. ചന്ത മാറ്റി സ്ഥാപിക്കുന്നതിന് സർക്കാരിന്റെ അനുമതി വേണ്ടിവരുമെന്ന് അറിയാതെയാണ് നഗരസഭ തീരുമാനവുമായി മുന്നോട്ടുപോയിരുന്നത്. ഇപ്പോൾ നഗരസഭയുടെ തീരുമാനം സർക്കാർ തലത്തിൽ അംഗീകരിച്ച് ചന്ത താത്കാലിക ഇടത്തേക്ക് മാറ്റുന്നതിന് അനുമതിയായിട്ടുണ്ട്. ഉത്തരവ് നഗരസഭക്ക് ലഭിക്കുന്നമുറക്ക് ചന്തയുടെ പ്രവർത്തനം പുതിയ ഇടത്തേക്ക് മാറ്റും. ഇറച്ചി വില്പന കേന്ദ്രങ്ങളടക്കം നേരത്തെതന്നെ പൊളിച്ച് മാറ്റിയിരുന്നു.

ഹൈടെക് സൗകര്യങ്ങൾ

നിലവിലുള്ള ചന്തയുടെ പ്രവർത്തനം താത്കാലിക ഇടത്തേക്ക് മാറ്റുന്നതോടെ ഹൈടെക് മാ‌ർക്കറ്റിന്റെ നിർമ്മാണ ജോലികൾ തുടങ്ങും. അഞ്ചുകോടി രൂപയാണ് ഹൈടെക് മാർക്കറ്റ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 42 സെന്റ് ഭൂമിയിലായി 23,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് മാർക്കറ്റ് കെട്ടിടം നിർമ്മിക്കുക. രണ്ട് നിലകളിലായിട്ടാണ് മാർക്കറ്റ് കെട്ടിടം ഉയരുക. 33 കടമുറികൾ, എട്ട് ഇറച്ചി തയ്യാറാക്കൽ കേന്ദ്രങ്ങൾ, വിശ്രമ മുറികൾ, ടോയ്ലറ്റ് സംവിധാനം, 12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ, 19 മത്സ്യ സ്റ്റാളുകൾ, പ്രിപ്പറേഷൻ റൂം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം, ഓഫീസ് മുറി, സെക്യൂരിറ്റി സംവിധാനം, പ്രവേശന കവാടങ്ങൾ എന്നിവ കൂടാതെ മാലിന്യ സംസ്കരണ സംവിധാനവും ഹൈടെക് മാർക്കറ്റിലുണ്ടാകും. പാർക്കിംഗ് സൗകര്യം ക്രമീകരിക്കും. കാമറയും സെക്യൂരിറ്റി ജീവനക്കാരുമടക്കം സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.