സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഇന്ന്
കൊല്ലം: ഡിജിറ്റൽ സാക്ഷരത നേടിയ, ജില്ലയിലെ ആദ്യ നഗരസഭയായി കൊട്ടാരക്കരയെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3ന് ഗാന്ധിമുക്കിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപനം നടത്തും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി സർട്ടിഫിക്കറ്റ് കൈമാറും.
സംസ്ഥാന സർക്കാരിന്റെ ഡിജി കേരള പദ്ധതിക്ക് മുന്നോടിയായി 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചത്. നഗരസഭയിലെ 29 വാർഡ് സമിതികളും താഴേ തലങ്ങളിൽ ക്ളസ്റ്റർ സമിതികളും രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. കിലയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.ഭദ്രന്റെ നേതൃത്വത്തിൽ കോളേജിൽ കഴിഞ്ഞ സെപ്തംബർ 16ന് വിപുലമായ പരിശീലന പരിപാടിയൊരുക്കി. മനോജ് റായിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന സഹായി നഗരസഭ പ്രിന്റ് ചെയ്ത് എല്ലാ പഠിതാക്കൾക്കും എത്തിച്ചു. 29 വോളണ്ടിയർമാരെ നിയോഗിച്ച് പഠന ക്ളാസുകൾക്ക് സഹായം നൽകി. പ്രത്യേക ഗൂഗിൾ ഫോം ഉപയോഗിച്ചാണ് സർവേ നടത്തിയത്.
തുടക്കം കുലശേഖരനല്ലൂരിൽ
കുലശേഖരനല്ലൂർ വാർഡിലായിരുന്നു സർവേ തുടക്കം. ഗാന്ധിമുക്ക് വാർഡിൽ പഠന ക്ളാസുകൾ ആദ്യം ആരംഭിച്ചു. നഗരസഭ കൗൺസിലർമാരും അങ്കണവാടി, ആശാവർക്കർമാരും റിസോഴ്സ് പേഴ്സൺമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 29 സന്നദ്ധപ്രവർത്തകരെ അപേക്ഷ ക്ഷണിച്ച് റിസോഴ്സ് പേഴ്സൺമാരാക്കി. നഗരസഭയിലെ എല്ലാ വീടുകളും സന്ദർശിച്ച് സർവേ പൂർത്തിയാക്കി ക്ളാസുകൾ നൽകി. ക്ളാസിൽ ഹാജർ ബുക്ക് ഉൾപ്പെടെ ഉണ്ടായിരുന്നു. വാർഡ് സഭകളിലും തൊഴിൽ ഇടങ്ങളിലുമൊക്കെ ക്ളാസുകൾ നടത്തി. ക്ളാസുകളിൽ പങ്കെടുക്കാത്തവരെ വീട്ടിലെത്തി പഠിപ്പിച്ചു.
ചിട്ടയായ തയ്യാറെടുപ്പ്
1. ഡിജിറ്റൽ സാക്ഷരത ക്ളാസിനായി പത്ത് വിഷയങ്ങൾ ക്രമീകരിച്ചു
2. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗങ്ങൾ എല്ലാവരിലും എത്തിച്ചു
3. എല്ലാ പഠിതാക്കളെയും നേരിൽകണ്ട് പുരോഗതികൾ വിലയിരുത്തി
4. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, കോ-ഓർഡിനേറ്റർ ബി.എസ്.ഗോപകുമാർ ഉൾപ്പെടെ പങ്കെടുത്തു
5. കില നിയോഗിച്ച ഉദ്യോഗസ്ഥർ അന്തിമ പരിശോധന നടത്തി
6. ഇവയ്ക്കെല്ലാം ഒടുവിൽ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം