
കൊല്ലം: അടുക്കള കൃഷിക്കാരുടെ ഉത്പന്നങ്ങളും അവരുടെ കൂട്ടായ്‌മയും വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൊല്ലം ജവഹർ ബാലഭവനിൽ അടുക്കള കൃഷിക്കാരുടെ കൂട്ടായ്‌മയായ മലപ്പുറത്തെ ഹോപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അടുക്കള കൃഷിക്കാരുടെ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എൻ.കെ പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി.
ചടങ്ങിൽ ഹോപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബാപ്പൂട്ടിക്ക് (നാസിർ) കർഷക രത്ന അവാർഡും ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ സാരഥി
ഡോ.പുനലൂർ സോമരാജന് കാരുണ്യനിപുണ പുരസ്കാരവും മന്ത്രി ജെ.ചിഞ്ചുറാണിയും എൻ.കെ.പ്രേമചന്ദ്രൻ എം.പിയും ചേർന്ന് സമ്മാനിച്ചു.
എഫ്.ടി.ഡി.സി (ഫാംടൂറിസം ഡെവലപ്പ്മെന്റ് കൗൻസിൽ) ചെയർമാൻ എസ്.സുവർണകുമാർ ആമുഖ പ്രസംഗം നടത്തി. സാമുവൽ പണയിൽ, നിസാമുദ്ദിൻ എന്നിവർ സംസാരിച്ചു. “ഞാൻ ജാനകി" എന്ന നോവലിന്റെ പ്രകാശനം മന്ത്രി ജെ.ചിഞ്ചുറാണി രാജ്ഭവൻ ഉദ്യോഗസ്ഥൻ പ്രിൻസിന് നൽകി നിർവഹിച്ചു. കൃഷിവകുപ്പ് അസി.ഡയറക്‌ടർ പ്രമോദ് മാധവൻ ജൈവകൃഷിയെക്കുറിച്ച് ക്ലാസ് നയിച്ചു. സംഗമത്തിൽ പങ്കെടുത്ത 1500രപ്പരം അടുക്കള കൃഷിക്കാർക്ക് സൗജന്യമായി വിത്തും തൈകളും വളവും വിതരണം ചെയ്തു.