കൊല്ലം: മയ്യനാട് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ജനറൽ അറെയ്ഞ്ച്മെന്റ് ഡ്രായിംഗിന് റെയിൽവേയുടെ അനുമതി ലഭിച്ചു. നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ 2021 ആഗസ്റ്റിൽ സമർപ്പിച്ച രൂപരേഖയ്ക്കാണ് റെയിൽവേ ഇപ്പോൾ അംഗീകാരം നൽകിയത്.

2017 ലെ ബഡ്ജറ്റിലാണ് മയ്യനാട് ആർ.ഒ.ബി നിർമ്മാണം പ്രഖ്യാപിച്ചത്. അതേവർഷം ജൂലായിൽ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു. 2018 നവംബറിൽ ആർ.ഒ.ബി നിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കലിനുമായി കിഫ്ബിയിൽ നിന്നു 25.95 കോടി രൂപ അനുവദിച്ചു. 2020 ജൂണിൽ ആരംഭിച്ച സ്ഥലമേറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 59 ഭൂവുടമകളിൽ നിന്നായി ഒരേക്കർ 45 സെന്റ് ഭൂമിയാണ് ആകെ ഏറ്റെടുക്കുന്നത്. ഇതിനായി ആകെ 17.17 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 ആഗസ്റ്റിൽ ജി.എ.ഡി സമർപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് റെയിൽവേ അനുമതി നീട്ടുകയായിരുന്നു.

കടമ്പകൾ ഇനിയും

ആർ.ഒ.ബി നിർമ്മാണത്തിന്റെ നിലവിലുള്ള എസ്റ്റിമേറ്റ് അഞ്ച് വർഷം മുമ്പ് തയ്യാറാക്കിയതാണ്. ഈ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം ടെണ്ടർ ചെയ്യാനാകില്ല. എസ്റ്റിമേറ്റ് പുതുക്കി സർക്കാരിൽ നിന്നും അനുമതി വാങ്ങണം. അധികമായി വേണ്ടിവരുന്ന തുക സർക്കാർ അനുവദിക്കുകയും വേണം. എസ്റ്റിമേറ്റ് പുതുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഇതിന് സർക്കാരിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാലുടൻ ടെണ്ടർ ചെയ്ത് നിർമ്മാണത്തിലേക്ക് കടക്കാനാകും.

പൂർണ്ണമായും സംസ്ഥാന ഗവൺമെന്റ് ഫണ്ട് ചെലവഴിച്ചാണ് മയ്യനാട് ആർ.ഒ.ബി നിർമ്മിക്കുന്നത്. 2016 നിയമസഭാ തിരെഞ്ഞെടുപ്പുവേളയിൽ എൽ.ഡി.എഫ് മുന്നോട്ടുവച്ച പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു ഇരവിപുരം മണ്ഡലത്തിന്റെ ചിരകാലാഭിലാഷമായ ഇരവിപുരം, മയ്യനാട്, കുറ്റിച്ചിറ, കൂട്ടിക്കട, കോളേജ് ജംഗ്ഷൻ, പോളയത്തോട് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം. വിവിധ ബഡ്ജറ്റുകളിൽ തുക അനുവദിപ്പിച്ചുകൊണ്ട് വാഗ്ദാനം പാലിക്കാനായതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്.

എം.നൗഷാദ് എം.എൽ.എ