
കൊല്ലം: രാജ്യത്ത് മുന്തിയ പരിഗണന ലഭിച്ചിരുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല അമിത ഇടത് രാഷ്ട്രീയവത്കരണം മൂലം തകർച്ചയുടെ വഴിയിലാണെന്ന് പിസി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ 33-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താനാകാതെ സമ്മർദ്ദം അനുഭവിക്കുന്നവരാണ് ഹെഡ്മാസ്റ്റർമാർ. 500 ലേറെ പ്രൈമറി ഹെഡ്മാസ്റ്റർമാരാണ് തങ്ങളെ പദവിയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മനേഷ് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ രാജൻ മലനട ആമുഖപ്രഭാഷണവും എസ്. സതീഷ് മുഖ്യപ്രഭാഷണവും നടത്തി. ശ്രീകുമാർ കടയാറ്റ്, ജ്യോതി രഞ്ജിത്ത്, അബ്ദുൽനിസാം, ആദർശ് വാസുദേവ്, ദീപാ സോമൻ, ജി. റജി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന് ശ്രീരംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കസ്മീർ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി മുൻ ജില്ലാ കോ ഓർഡിനേറ്റർ ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മാത്യു പ്രകാശ്, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ഷിജുജോൺ സാമൂൽ, പാർവ്വതി എന്നിവർ സംസാരിച്ചു.
മികച്ച അദ്ധ്യാപകനുള്ള ജില്ലാ കമ്മിറ്റിയുടെ പുരസ്കാരം ശ്രീകുമാർ കടയാറ്റിന് സമ്മാനിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ജി. ഫ്രാൻസിസ് (പ്രിൻസിപ്പൽ, ക്രിസ്തുരാജ് എച്ച്.എസ്.എസ്), രാജൻമലനട (എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ), ഡി. ജ്യോതി ( എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം), പ്രിയദർശിനി (ചെമ്പകശേരി എച്ച്.എസ്.എസ്, ഭൂതക്കുളം), ജെ. ഗീതാമണിയമ്മ (എം.കെ. എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ) എന്നിവരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു