k

 നിർമ്മാണത്തിൽ അപാകതയെന്ന് നാട്ടുകാർ

ചാത്തന്നൂർ: ചാത്തന്നൂർ ഊറാൻവിളയിലെ അടിപ്പാത നിർമ്മാണം പാതിവഴിയിൽ നിറുത്തിവച്ചത് നിർമ്മാണത്തിലെ അപാകത മൂലാണെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്ത്. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് യഥേഷ്ടം കടന്നുപോകാൻ കഴിയാത്ത വിധമാണ് നിലവിൽ അടിപ്പാത രൂപകൽപ്പന ചെയ്തിട്ടുള്ളതും നിർമ്മാണം നടത്തിയതും. എന്നാൽ അപാകത കണ്ടെത്തിയതാണ് നിർമ്മാണം നിറുത്തിവയ്ക്കാൻ കാരണമെന്നും നിർമ്മാണം പൂർത്തിയായ അടിപ്പാതയുടെ ഒരു ഭാഗം പൊളിച്ചുമാറ്റേണ്ടി വരുമെന്നുമാണ് നാട്ടുകാർ പറയുന്നത്.

വാഹന അപകടങ്ങളിൽ ഒരുപാടു പേരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടങ്ങൾക്ക്‌ കൂടുതൽ സാധ്യതയുള്ള പ്രദേശമായിരുന്നിട്ടും നിർമ്മാണ പ്രവർത്തനങ്ങളിൽ ദേശീയ പാത അതോറിട്ടി വേണ്ടത്ര ശ്രദ്ധ നൽകാതെയാണ് നിർമ്മാണം നടത്തിയത്. ഓട നിർമ്മാണത്തിൽ വന്ന പിഴവ് ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലമില്ലാതെയാക്കി. സവീസ് റോഡ് വെട്ടി പൊളിച്ചാണ് ജലവിതരണ പൈപ്പുകളും കേബിളുകളും സ്ഥാപിക്കേണ്ടിവന്നത്. ഓടനിർമ്മാണത്തിന്റെ പിഴവ് കാരണം മഴവെള്ളം ഒഴുകിക്കൊണ്ടിരുന്ന കലുങ്ക് അടയുകയും വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തു.

ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ അപാകതകൾ പരിഹരിച്ചു വേണം അടിപ്പാത നിർമ്മാണത്തിന്റെ തുടർ പ്രവർത്തനങ്ങൾ നടതേണ്ടതെന്ന് രേഖാമൂലം ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജി.ദിവാകരൻ

ചാത്തന്നൂർ സിറ്റിസ്സൺ

ഫോറം പ്രസിഡന്റ്