പടിഞ്ഞാറെകല്ലട: നെൽപ്പുരക്കുന്നിലെ കല്ലടയാറിനോട് ചേർന്നുള്ള പി.ഡബ്ല്യു.ഡി റോഡ് ഏതാനും വർഷം മുമ്പ് കാലവർഷത്തിൽ ഇടിഞ്ഞുതാണതു മുതൽ ഇവിടുത്തെ നാട്ടുകാരിൽ നിലനിന്നിരുന്ന ഭീതി ഒഴിവായി. പാർശ്വഭിത്തി നിർമ്മാണം പൂ‌ർത്തിയായതോടെയാണത്. 2014 ലെകാലവർഷത്തി ൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയും അതോടൊപ്പം കല്ലട ഡാമിന്റെ ഷട്ടറുകൾ ഉയർത്തുകയും ചെയ്തതോടെ വെള്ളത്തിന്റെ കുത്തൊഴുക്ക് ക്രമാതീതമായി വർദ്ധിക്കുകയും റോഡ് ഇടിഞ്ഞു താഴുവാനും തുടങ്ങി. റോഡ് പൂർണമായി തകർന്നിരുന്നെങ്കിൽ മറുവശത്തുള്ള നിരവധി കുടുംബങ്ങളും മറ്റ് ജീവജാലങ്ങളും അന്ന് ഒഴുക്കിൽപ്പെട്ട് ഇല്ലാതായേനെ. പൊലീസ്, അർദ്ധ സൈനിക വിഭാഗം, ജില്ലാ കളക്ടർ , എം.എൽ.എ , എം.പി മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരുടെ സമയോജിതമായ ഇടപെടൽ കാരണം ഒരു വൻ ദുരന്തമാണ് അന്നൊഴിവായത്.

വാർത്ത തുണയായി

2014ൽ റോഡിലുണ്ടായ വിള്ളൽ താത്കാലികമായി പരിഹരിച്ചെങ്കിലും തുടർ വർഷങ്ങളിലെ കാലവർഷത്തിൽ വീണ്ടും റോഡ് വിണ്ടുകീറുവാൻ തുടങ്ങി. റോഡിന്റെ വിള്ളൽ നാട്ടുകാരിൽ ഉണ്ടാക്കിയ ആശങ്കയെ കുറിച്ച് കേരളകൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. അതോടെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എച്ച്.ആർ.ഐ ) ഉദ്യോഗസ്ഥരുടെ വിദഗ്ധസംഘം 2022 ജൂണിൽ സ്ഥല പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ , ,മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ,ജീവനക്കാർ എന്നിവർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച ശേഷം വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി നേരിട്ട് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് 40 ലക്ഷം രൂപ അനുവദിച്ചതും ഇതിന്റെ പണി ഇപ്പോൾ പൂർത്തീകരിക്കാൻ കഴിഞ്ഞതും.

നെൽപ്പുരകുന്നിൽ മഴക്കാലത്ത് കല്ലടയാറ്റിലെ കുത്തൊഴുക്ക് തടയുന്നതിനും റോഡ് സംരക്ഷിക്കുന്നതിനും വേണ്ടി വർഷങ്ങൾക്കു മുൻപ് പാറ കൊണ്ട് ആറ്റിൽ നിർമ്മിച്ച തടയണ കാലക്രമേണ നശിക്കുകയുണ്ടായി. ഇവ പുനർ നിർമ്മിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അഡ്വ.ബി. ത്രിദീപ്കുമാർ

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പടിഞ്ഞാറെ കല്ലട