 
കരുനാഗപ്പള്ളി: ചെറിയഴീക്കൽ തുറയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായി. ക്ഷേത്ര സമർപ്പണം ഫെബ്രുവരി 25ന് വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കാശി മഹത് പണ്ഡിറ്റ് ശ്രീകാന്ത് മിശ്ര നിർവഹിക്കുമെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സുരേഷ് ഇളശ്ശേരിൽ, സെക്രട്ടറി രതീഷ് രാജ്, ട്രഷറർ കണ്ണൻ, ക്ഷേത്ര നിർമ്മാണ കമ്മിറ്റി കൺവീനർ എം.എസ്.കുമാർ എന്നിവർ അറിയിച്ചു. പഴയ ക്ഷേത്രം പൊളിച്ച് നീക്കി പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട് 7 വർഷം പിന്നിടുകയാണ്. വേഴപ്പറമ്പിൽ ചിത്രഭാനു നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് ക്ഷേത്ര നിർമ്മാണം നടക്കുന്നത്.
15 കോടിയുടെ നിർമ്മാണം
15 കോടി രൂപയാണ്ക്ഷേത്ര നിർമ്മാണത്തിന് മൊത്തത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്. 13 കോടി രൂപയോളം ഇതിനംകം ചെലവായതായി ഭാരവാഹികൾ അറിയിച്ചു. പ്രധാന ക്ഷേത്രം, ശ്രീകോവിൽ, ചുറ്റമ്പലം, ഉപദേവാലയങ്ങൾ, നവഗ്രഹ ക്ഷേത്രം, സ്വർണ കൊടിമരം, മണിമണ്ഡപം, എന്നിവയുടെ പൂർത്തിയായി. ചുറ്റമ്പലത്തിന്റെ നിർമ്മാണം ഈമാസം അവസാനത്തോടെ പൂർത്തിയാകും. തമിഴ് നാട്ടിലെ മൈലാടിയിൽ നിന്ന് കൊണ്ടു വന്ന കൃഷ്ണശിലയിലാണ് ക്ഷേത്ര നിർമ്മാണം. തമിഴ്നാട് സ്വദേശിയായ മുരുകേശ് ശില്പിയും നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. കോന്നി വനത്തിൽ നിന്നാണ് കൊടി മരത്തിനുള്ള തേക്ക് മരം കണ്ടെത്തിയത്. അഡ്വ.എ.എസ്.പി കുറുപ്പ്, പരുമല അനന്തൻ ആചാരി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കൊടിമരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ക്ഷേത്ര ചുവരുകളിൽ നിരവധി ദേവീ ദേവൻമാരുടെ ചിത്രങ്ങളാണ് കൊത്തി വെച്ചിരിക്കുന്നത്. ഭാരതത്തിന്റെ ക്ഷേത്ര പൈതൃകം ഇവിടെ ദൃശ്യമാണ്.
പ്രതിഷ്ഠാ കർമ്മം 18ന്
ഫെബ്രവരി 18 ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം നടക്കും.21ന് ധ്വജപ്രതിഷ്ഠാ കർമ്മവും 22ന് മൂകാംബിക ക്ഷേത്രത്തിലെ മുഖ്യതന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിൽ ലക്ഷദീപവും സർവ്വൈശ്വര്യപൂജയും നടക്കും. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള പരിപാടികൾ ക്ഷേത്ര ഭരണ സമിതി തയ്യാറാക്കി കഴിഞ്ഞു. എസ്.ജയകുമാർ, ശശാങ്കൻ, ഓമനക്കുട്ടൻ, അരവിന്ദൻ, പാപ്പച്ചൻ എന്നിവരാണ് ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ.