മുഖ്യമന്ത്രിയുടെ വാക്കുകൾക്കും പരിഹാസം
കൊല്ലം: കെട്ടിട നിർമ്മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും വില്പന കേന്ദ്രം ആരംഭിക്കാനുള്ള ലൈസൻസിനായി കോർപ്പറേഷൻ സോണൽ ഓഫീസിലെത്തിയ, കിളികൊല്ലൂർ സ്വദേശിയായ പുതു സംരംഭകനെ ഉദ്യോഗസ്ഥർ വട്ടംകറക്കി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. പുതു സംരംഭങ്ങളെ പരാമവധി പ്രോത്സാഹിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥൻ പരിഹസിക്കുകയും ചെയ്തത്രെ.
സംരംഭം തുടങ്ങുന്നത് മറ്റൊരാളുടെ ഭൂമിയിൽ ആയതിനാൽ അപേക്ഷയ്ക്കൊപ്പം ഭൂവുടമയുടെ സമ്മതപത്രവും നൽകണം. ഈ സമ്മതപത്രത്തിൽ ഇനിഷ്യൽ ചെയ്യാൻ സമീപിച്ചപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സി വേണമെന്ന നിബന്ധന ഉദ്യോഗസ്ഥൻ മുന്നോട്ടുവച്ചു. നിശ്ചിത അളവിൽ താഴെ മാത്രം നിർമ്മാണ സാമഗ്രികൾ സംഭരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സി ആവശ്യമില്ലെന്ന സർക്കാർ ചട്ടം സംരംഭകൻ ചൂണ്ടിക്കാട്ടി. അപ്പോൾ തനിക്ക് ഈ ചട്ടങ്ങൾ അറിയില്ലെന്നും അക്കാര്യങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നു എഴുതി വാങ്ങിക്കൊണ്ടുവരാനും നിർദ്ദേശിച്ചു.
സംരംഭകൻ ചൂണ്ടിക്കാട്ടിയ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ പോലും തയ്യാറാകാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സി വേണമെന്ന നിലപാടിൽ ഉദ്യോഗസ്ഥൻ വാശിയോടെ ഉറച്ചു നിന്നു. പുതിയ സംരംഭങ്ങൾക്കുള്ള ലൈസൻസ് അപേക്ഷ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് സർക്കാർ ചട്ടം. ലൈസൻസ് അടക്കമുളള സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ കൊണ്ടുവന്ന കെ സ്മാർട്ട് പോർട്ടൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പോർട്ടൽ ശരിയാകുന്നത് വരെ സംരംഭം ആരംഭിക്കണ്ട എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
സമീപത്ത് മറ്റൊരു എം സാൻഡ് സംഭരണ കേന്ദ്രത്തിന്റെ ലൈസൻസ് സമീപവാസികളുടെ പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കിയിരുന്നു. അതുകൊണ്ടാണ് സമാന അപേക്ഷയ്ക്ക് ബോർഡിന്റെ എൻ.ഒ.സി ആവശ്യപ്പെട്ടത്
കോർപ്പറേഷൻ കിളികൊല്ലൂർ സോണൽ ഓഫീസ് എച്ച്.ഐ