 യാത്രക്കാർ ദുരിതത്തിൽ

കുണ്ടറ: സമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറി കുണ്ടറ റെയിൽവേ സ്‌റ്റേഷനും പരിസരവും. റെയിൽ വേസ്റ്റേഷനിലെ പാർക്കിംഗ് ഏരിയിൽ പണം നൽകി പാസെടുത്ത് സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന ടൂ വീലറുകളിൽ നിന്ന് പെട്രോൾ ഊറ്റുന്നതും ബാറ്ററിയും ഹെൽമെറ്റും മോഷ്‌ടിക്കുന്നതും പതിവായിരിക്കുകയാണ്.

രാവിലത്തെ പാർക്കിംഗ് ഫീ വാങ്ങിക്കഴിഞ്ഞാൽ ഇവിടെയുള്ള ജീവനക്കാർ പോകും. പിന്നെ പുതുതായി വാഹനങ്ങൾ വരില്ലെന്നുള്ളതിനാലാണ് പിരിവ് മതിയാക്കി പോകുന്നത്. ഇരുട്ടാകുന്നതോടെ ഇവിടെ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങളാണ് പാർക്കിംഗ് ഏരിയയിലെ മോഷണത്തിനു പിന്നിൽ. റയിൽവേ സ്റ്റേഷനിലെ ജീവനക്കാരന്റെ ബൈക്ക് കടത്തിക്കൊണ്ടു പോകാനുള്ള ശ്രമവും അടുത്തിടെ നടന്നിരുന്നു.


മതിയായ സുരക്ഷയില്ല

വാഹനം സൂക്ഷിക്കാനുള്ള പണപ്പിരിവിന് റെയിൽവേയുമായി കരാർ നിലവിലുണ്ടോ എന്ന് പോലും സ്‌റ്റേഷൻ മാസ്‌റ്രർക്ക് നിശ്ചയമില്ല. വാഹനത്തിലെ എണ്ണ ഊറ്റുന്ന സംഘത്തിലെ അംഗമെന്ന് സംശയിക്കുന്ന ഒരു യുവാവിന്റെ ഫോട്ടോ എടുക്കാൻ ആരോ ശ്രമിച്ചതിന്റെ പേരിൽ സ്‌റ്റേഷൻ മാസ്‌റ്ററുടെ ക്യാബിന് പുറത്തെ ജനൽപാളിയിൽ ഒരു സംഘം വാളു കൊണ്ടു വെട്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവവുമുണ്ടായി. നേരത്തെ റെയിൽവേ സംരക്ഷണ സേനയുടെ രണ്ട് കോൺസ്‌റ്റബിൾമാർ സ്ഥിരമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരുമില്ല. വാഹനങ്ങളിലെ എണ്ണയൂറ്റലും ബാറ്ററി മോഷണവും വ്യാപകമായ സാഹചര്യത്തിൽ നാട്ടുകാരും യാത്രക്കാരുടെ സംഘടനയും ചേർന്ന് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കുണ്ടറ ജംഗ്‌ഷനിലെ പമ്പിൽ നിന്ന് 500 രൂപയ്‌ക്ക് ഇന്ധനം നിറച്ച ശേഷം 100 മീറ്റർ അകലം മാത്രമുള്ള സ്‌റ്റേഷൻ പരിസരത്ത് ബൈക്ക് വച്ച് എറണാകുളത്ത് പോയ ശേഷം രാത്രി പാലരുവി എക്‌സ്‌പ്രസിൽ മടങ്ങി വന്ന അഭിഭാഷകന്റെ വണ്ടിയിൽ ഒരു തുള്ളി എണ്ണ ഇല്ലാതായ സാഹചര്യത്തിലാണ് യാത്രക്കാർ സംഘടിച്ചത്.

രാജു ഡി.പണിക്കർ

കോൺഗ്രസ് കുണ്ടറ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ്

സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശത്തെ വെളിച്ചം ആരോ മനപൂർവ്വം കെടുത്തുന്നു.സമീപത്തെ ഒരു പഴയ കെട്ടിടം സമൂഹ വിരുദ്ധർ താവളമാക്കിയിരിക്കുകയാണ്

എം.എസ്.വിശാൽ

റെയിൽവെ പാസഞ്ചേഴ്‌സ് അസോസിയേഷൻ

കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി

വാഹനത്തിൽ ഇന്ധനം ഇല്ലാത്തതിനാൽ സ്‌‌ത്രീകൾ രാത്രി കാലങ്ങളിൽ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റെയിൽവേ പൊലീസ് തലപ്പത്തെ ഉന്നതർക്കും റെയിൽവേ അധികൃതർക്കും പാസഞ്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പരാതി നൽകും.

ടി.പി .ദീപുലാൽ

റെയിൽവെ പാസ‌ഞ്ചേഴ്‌സ് അസോസിയേഷൻ

കൊല്ലം ജില്ലാ പ്രസിഡന്റ്.