dd

 പാടത്തിന്റെ സ്വാഭാവിക ജൈവഘടന തകരും

കൊല്ലം: കിഴക്കേകല്ലട പഞ്ചായത്തിലെ നെടുങ്ങേലി മുണ്ടകൻ പാടത്തത്ത് ഫിഷറീസ് വകുപ്പിൽ നിന്നു സബ്സിഡി തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബണ്ട് കെട്ടി മത്സ്യകൃഷിക്ക് നീക്കമെന്ന് പരാതി. ഇത്തരത്തിൽ ബണ്ട് കെട്ടിയുള്ള കൃഷി പാടത്തിന്റെ സ്വാഭാവിക ജൈവഘടന തകർക്കുന്നതിനൊപ്പം പ്രദേശത്ത് കുടിവെള്ള ക്ഷാമവും വെള്ളക്കെട്ടും സൃഷ്ടിക്കുമെന്നാണ് ആശങ്ക.

നേരത്തെ പതിനേഴ് മേനി നെല്ല് വരെ ലഭിക്കുന്ന ഒരുപൂ കൃഷിയുടെ കേന്ദ്രമായിരുന്നു നെടുങ്ങേലി മുണ്ടകൻ പാടം. പിന്നീട് ഓട് നിർമ്മാണ കമ്പിനികൾ കൂട്ടത്തോടെ ചെളി ഊറ്റിയതോടെ കഴിഞ്ഞ 50 വർഷമായി നെടുങ്ങേലി പാടത്തിന്റെ 50 ഏക്കറോളം ഭാഗം വെള്ളക്കെട്ടാണ്. കല്ലട ഡാമിൽ നിന്നു കല്ലടയാറിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് വർദ്ധിച്ചതോടെ നെടുങ്ങേലി പാടത്ത് ചെളിയെടുത്ത് രൂപപ്പെട്ട കുഴികൾ പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമായും മാറി. കല്ലടയാറ്റിൽ നിന്നും ചിറ്റുമല ചിറയിൽ നിന്നും ഒഴുകി വരുന്ന ജലം നെടുങ്ങേലി പാടത്ത് വന്ന് കെട്ടിത്തുടങ്ങി. പാടത്ത് ബണ്ട് കെട്ടിത്തിരിക്കുന്നതോടെ കല്ലടയാറ്റിൽ നിന്നും ചിറ്റുമല ചിറയിൽ നിന്നുള്ള ജലം ചുറ്റുമുള്ള പ്രദേശത്ത് വ്യാപിച്ച് വെള്ളക്കെട്ട് രൂപപ്പെടും. പാടത്തെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വേനൽക്കാലത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കാനും സാദ്ധ്യതയുണ്ട്.

ജീവിതം വഴിമുട്ടിക്കുന്ന ബണ്ട്കെട്ടൽ

ഭക്ഷണം പാകം ചെയ്യുന്നത് ഒഴികെ, പ്രദേശത്തെ നിരവധി കുടുംബങ്ങൾ നെടുങ്ങേലി പാടത്തെ വെള്ളക്കെട്ടാണ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പ്രദേശത്തെ കിണറുകളിൽ ഓരുവെള്ളമായതിനാൽ സ്ഥലത്തെ കർഷകർ കന്നുകാലികളെ കുളിപ്പിക്കുന്നതും ഇവിടെയാണ്. അതുകൊണ്ട് തന്നെ ബണ്ട് കെട്ടിത്തിരിക്കുന്നതോടെ പ്രദേശവാസികളിൽ പലരുടെയും ജീവിതമാർഗവും പ്രതിസന്ധിയിലാകും. കരിമീൻ, കണമ്പ്, കൊഞ്ച് അടക്കമുള്ള മത്സ്യങ്ങളുടെ കേന്ദ്രം കൂടിയാണ് ഇവിടം. പാടത്തിന്റെ ഉടമകളുടെ അനുമതിയില്ലാതെയാണ് ഒരു വിഭാഗം ഇവിടെ മത്സ്യക്കൃഷിക്കുള്ള നീക്കം നടത്തുന്നതെന്നും പരാതിയുണ്ട്.

നെടുങ്ങേലി പാടത്ത് ബണ്ട് കെട്ടി മത്സ്യകൃഷി പ്രായോഗികമല്ല. പ്രദേശവാസികളെ ഗുരുതരമായി ബാധിക്കുന്നതുമാണ്. ഫിഷറീസ് വകുപ്പ് അധികൃതർ ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണം

നകുലരാജൻ

കിഴക്കേ കല്ലട പഞ്ചായത്ത്

മുൻ വൈസ് പ്രസിഡന്റ്