കടയ്ക്കൽ: ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ 72-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്തു. പ്രഭാഷകൻ വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലയുടെ ദീർഘ കാല പ്രസിഡന്റ് എസ്.സുകുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് യോഗത്തിൽ വെച്ച് കുടുംബാംഗങ്ങളിൽ നിന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊ.ബി.ശിവദാസൻ പിള്ള ഏറ്റുവാങ്ങി. കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾക്കുള്ള പുരസ്‌കാരം ജനയുഗം ജനറൽ മാനേജർ സി.ആർ.ജോസ് പ്രകാശ്, മജീഷ്യൻ ഷാജു കടയ്ക്കൽ, ഗ്രന്ഥശാല പഞ്ചായത്ത് തല നേതൃ സമിതി കൺവീനർ എസ്.സോമരാജൻ, അമ്മ വീട് ഗ്രന്ഥശാല പ്രസിഡന്റ് പി.എസ്.സുരാജ് എന്നിവർ നിർവഹിച്ചു. യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി ജി.എസ്.പ്രിജിലാൽ സ്വാഗതമാശംസിച്ചു. ഗ്രന്ഥശാല ഭരണസമിതി അംഗം എസ്.സുരേന്ദ്രൻ നന്ദി പറഞ്ഞു.