കൊട്ടാരക്കര: ഭൂമി അനുവദിച്ച് ഉത്തരവായെങ്കിലും കൊട്ടാരക്കര നഗരസഭയുടെ കെട്ടിട നിർമ്മാണം ഇനിയും വൈകും. കെ.ഐ.പിയുടെ ഉടമസ്ഥതയിലുള്ള 1.30 ഏക്കർ ഭൂമിയിൽ നിന്ന് രവിനഗറിൽ ബി.എസ്.എൻ.എൽ ടവറിന് എതിർവശമുള്ള 50 സെന്റ് ഭൂമിയാണ് നഗരസഭയ്ക്ക് കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചത്. ഭൂമി അനുവദിച്ച് കിട്ടിയാലുടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കാമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി ലഭിക്കുന്ന മുറക്കേ തുടർ പ്രവർത്തനം നടക്കുകയുള്ളു.

രൂപം മാറും, തുക കൂടും

ചന്തമുക്കിൽ നഗരസഭയുടെ മൈതാനത്താണ് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. 5 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. ചന്തമുക്കിലെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചുനീക്കിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതും പ്ളാൻ വരച്ചതും. 25 സെന്റ് ഭൂമിയിൽ ഒതുങ്ങുന്നവിധത്തിൽ 7 കോടി രൂപ ചെലവ് വരുന്ന കെട്ടിടത്തിനാണ് വിഭാവനം ചെയ്തത്. ഈ രൂപരേഖക്ക് അനുമതി ലഭിച്ചതുമാണ്. എന്നാൽ ഇവിടെ കെട്ടിടം നിർമ്മിക്കേണ്ടെന്ന തീരുമാനമുണ്ടാവുകയും മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് കെ.ഐ.പി ഭൂമി അനുവദിക്കുകയും ചെയ്തതോടെ പഴയ പ്ളാനും എസ്റ്റിമേറ്റും പോരാതെവന്നു. ഇനി ആദ്യം മുതൽ പ്ളാൻ വരച്ച്, എസ്റ്റിമേറ്റ് തയ്യാറാക്കി നഗരസഭ കൗൺസിലിൽ വച്ചശേഷം അത് സർക്കാരിന്റെ പരിഗണനയ്ക്ക് വിടണം. കിഫ്ബിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 7 കോടി രൂപയ്ക്ക് പുതിയ കെട്ടിടം പൂർത്തിയാകില്ല. ആ നിലയിൽ കൂടുതൽ തുക അനുവദിക്കേണ്ടിവരും. നടപടിക്രമങ്ങൾ തീരാൻ ഇനിയും മാസങ്ങളെടുക്കും.

പുതിയ പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കും. കാലതാമസമില്ലാതെ ഇവക്ക് അനുമതി ലഭിക്കാൻ വേണ്ട ഇടപെടൽ നടത്തും. നിർമ്മാണ പ്രവർത്തനം വൈകാതെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

എസ്.ആർ.രമേശ്, നഗരസഭ ചെയർമാൻ