chenni

കൊല്ലം: പ്രതിഷേധവും പ്രതികരണവും ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊതു രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള, പ്രതികരണം കലാ സാംസ്‌കാരിക വേദിയുടെ 2023ലെ പ്രതികരണം അവാർഡ് കെ.പി.സി.സി അംഗവും എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റുമായ നെടുങ്ങോലം രഘുവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാന കാലത്ത് പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതിൽ തിരുവനന്തപുരവും ഡൽഹിയും ഒന്നാകുന്ന കാഴ്ചയാണ് കാണുന്നത്.
സമൂഹത്തിലെ ദുരവസ്ഥകൾക്കെതിരെ പ്രതികരിക്കുന്ന വ്യക്തിത്വമാണ് നെടുങ്ങോലം രഘുവെന്ന് രമേശ് ചെന്നിത്തല അഭി​പ്രായപ്പെട്ടു.

ചടങ്ങിൽ ലിയാ വർമ്മ, വി.എസ് നായർ, എസ്.മംഗളൻ നായർ, അൻസാരി ബഷീർ എന്നിവരെ ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് കവിയരങ്ങും സംഘടിപ്പിച്ചു. പ്രതികരണം കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ. ഷാനവാസ് ഖാൻ, പ്രതികരണം ചീഫ് എഡിറ്റർ ഉമയനല്ലൂർ തുളസീധരൻ, എസ്. അരുണ ഗിരി, ആറ്റൂർ ശരത് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.