kr
അഖില റെജിയുടെ ഓർമ്മയ്ക്കായി ഭൂരഹിതരായ 5 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി നൽകിയ 27 സെന്റ് വസ്തുവിന്റെ ആധാരം മന്ത്രി കെ .എൻ. ബാല​ഗോപാൽ കൈമാറുന്നു

കൊട്ടാരക്കര : അകാലത്തിൽ പൊലിഞ്ഞ അഖില റെജിയുടെ ഓർമ്മയ്ക്കായി ഭൂരഹിതരായ 5 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് 27 സെന്റ് വസ്തു നൽകി അഖിലയുടെ കുടുംബം. വാളകം ആക്കാട്ട് റെജി വിലാസത്തിൽ അഖില റെജിയുടെ കുടുംബം നൽകിയ ആധാരം മന്ത്രി കെ.എൻ. ബാല​ഗോപാൽ ഭൂരഹിതരായവ‌ർക്ക് കൈമാറി. അണ്ടൂർ മൊട്ടക്കാവ് ജം​ഗ്ഷന് സമീപം നടന്ന യോ​ഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബെൻസി റെജി അദ്ധ്യക്ഷയായി. ഉമ്മന്നൂർ സഹകരണബാങ്ക് പ്രസിഡന്റ് എൻ.ദേവരാജൻ സ്വാ​ഗതം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ജോൺസൻ, വാളകം ലോക്കൽ സെക്രട്ടറി കെ. പ്രതാപകുമാർ​, ഏരിയാ കമ്മിറ്റിയം​ഗങ്ങളായ എം .ബാബു, പി .ജെ .മുരളീധരൻ ഉണ്ണിത്താൻ, പഞ്ചായത്തം​ഗങ്ങളായ അണ്ടൂർ സുനിൽ, കെ. അജിത, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ .അധിൻ, ജി .മുരളീധരൻപിള്ള, ജി. രതീഷ്, ബി. ശിവപ്രസാദ്, കെ. രാമദാസ്, ഷിബു ജോർജ്ജ്, റോബിൻ യോഹന്നാൻ എന്നിവർ സംസാരിച്ചു. അഖിലയുടെ അച്ഛൻ റെജി ആക്കാട്ടും അമ്മ മിനി റെജിയും കുടുംബാം​ഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വാളകം വില്ലേജിൽ അണ്ടൂർ പറണ്ടോട്ട് കോണം ഭാ​ഗത്തുള്ള 27 സെന്റ് വസ്തുവാണ് ഉമ്മന്നൂർ കുമ്പ്രാംകോണം, അണ്ടൂർ കൈതളാവ്, വാളകം, തലച്ചിറ, വാളകം ഇടയം കോളനി എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കായി നല്കിയത് . 2022 ഡിസംബർ 30 ന് പനി ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലെരിക്കെയാണ് അഖില റെജി മരിക്കുന്നത്. എസ്.എഫ്‌.​ഐ, ഡി.വൈ.എഫ്‌​.ഐ സം ഘടനകളുടെ സജീവ പ്രവർത്തകയായിരുന്നു. പഠനത്തോടൊപ്പം പാട്ടിലും നൃത്തത്തിലും മികവ് പുലർത്തിയ അഖില പ്ലസ് ടുവിനു ശേഷം ചെന്നൈ ബാലാജി മെഡിക്കൽ കോളേജിലെ കാർഡിയ പെർഫ്യൂഷൻ കോഴ്‌​സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു.