കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവുകളാകേണ്ട ഫോറൻസിക് പരിശോധനയുടേതടക്കമുള്ള ശാസ്ത്രീയ റിപ്പോർട്ടുകൾ വൈകുന്നു. കുറ്റപത്രത്തിന്റെ ബാക്കിയെല്ലാം ഘടകങ്ങളും പൂർത്തിയായെങ്കിലും ഇവ ലഭിക്കാത്തതിനാൽ സമർപ്പിക്കാനാകാത്ത അവസ്ഥയാണ്.

കുട്ടി​യെ തട്ടിക്കൊണ്ടുപോയ ശേഷം പ്രതികൾ ചാത്തന്നൂരിലെ വീട്ടിൽ വച്ച് യു ട്യൂബിൽ ടോം ആൻഡ് ജെറി വീഡിയോ കാണിച്ച ലാപ്ടോപ്പ്, തട്ടിക്കൊണ്ടു പോകൽ പ്ലാൻ, ലക്ഷ്യമിട്ട കുട്ടികളുടെ വിവരങ്ങളും അവരുടെ സ്ഥലങ്ങളും വഴികളും രേഖപ്പെടുത്തിയ ഡയറി, പ്രതികളുടെ കൈയക്ഷരം, തട്ടിക്കൊണ്ടുപോയ കാറിൽ കുട്ടിയുടെ കാലിൽ നിന്നു വീണ മണ്ണ്, പ്രതികളുടെ കാറിൽ നിന്നു ലഭിച്ച കുട്ടിയുടെ വിരലടയാളം, കേസിലെ മുഖ്യപ്രതിയായ പത്കുമാറിന്റെ ഭാര്യ അനിത കിഴക്കനേലയിലെ ഹോട്ടലുടമയുടെ ഫോണിൽ നിന്നു കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട ശബ്ദരേഖയുടെ റിപ്പോർട്ട് എന്നിവയാണ് പ്രധാനമായും ലഭിക്കാനുള്ളത്. പരിശോധന ഫലങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് അന്വേഷണ സംഘം ഫോറൻസിക് ലാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ലഭിക്കുന്നവ ഉൾപ്പെടുത്തി വൈകാതെ കുറ്റപത്രം സമർപ്പിക്കാനുള്ള ആലോചനയിലാണ് അന്വേഷണ സംഘം.

അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനായ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിനെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂട്ട സ്ഥലംമാറ്റത്തിൽ തിരുവനന്തപുരം സിറ്റി ട്രാഫിക് സൗത്ത് ഡിവൈ.എസ്.പിയായി മാറ്റി നിയമിച്ചു. അതുകൊണ്ട് സ്ഥലം മാറിപ്പോകുന്നതിന് മുന്നോടിയായി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.