എഴുകോൺ: ചീരങ്കാവ്,ചിറ്റാകോട്,കല്ലുറംപുറം ഭാഗങ്ങളിൽ പേപ്പട്ടി ഇറങ്ങിയത് ജനങ്ങളിൽ ഭീതിയുളവാക്കി.ചിറ്റാകോട് കരവാരത്ത് വീട്ടിൽ രമയ്‌ക്ക് കടിയേറ്റു. കല്ലുപുറം ബീനാഭവനിൽ ബീനയുടെ വീട്ടിൽ വളർത്തുന്ന പോത്തിനും പേപ്പട്ടിയുടെ കടിയേറ്റു.നാടിന് ആകെ ഭീഷണിയായ പേപ്പട്ടിയെ നാട്ടുകാർ തെരുവിലിട്ട് തല്ലി കൊന്നു.രമ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പേ വിഷത്തിനെതിരെയുള്ള കുത്തിവയ്‌പ്പ് എടുത്തെങ്കിലും അലർജി സംബന്ധമായ അസ്വസ്ഥതകൾ അനുഭപ്പെട്ടതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും വിദഗ്‌ധ ചികിത്സ തേടി. പോത്തിന് അമ്പലത്തുകാല വെറ്ററിനറി കേന്ദ്രത്തിൽ നിന്നെത്തിയ സംഘം കുത്തിവയ്‌പ്പ് എടുത്തെങ്കിലും നിരീക്ഷണത്തിലാണ്.ഒരാൾക്ക് കടിയേറ്റത് റിപ്പോർട്ട് ചെയ്‌തെങ്കിലും തെരുവിൽ അലയുന്ന നായ്‌ക്കൾ ഉൾപ്പടെ മറ്ര് മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന സംശയമാണ് ജനങ്ങളെ ഭയപ്പാടിലാക്കുന്നത്.
തെരുവ് നായ്‌ക്കളെ പിടി കൂടി വന്ധീകരിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കണം. കുട്ടികളും സ്‌ത്രീകളും ഉൾപ്പടെ കാൽനടയായി യാത്ര ചെയ്യുന്ന സാധാരണക്കാർ ഭീതിയിലാണ് റോഡിലിറങ്ങുന്നത്.
പ്രബലൻ
കേരള കൗമുദി
ചിറ്റാകോട് ഏജന്റ്
എഴുകോൺ പഞ്ചായത്തിലെ കാരുവേലിൽ,കൈതകോട്,ഭാഗങ്ങളിൽ തെരുവ് നായ ശല്ല്യം രൂക്ഷമാണ്. കാരുവേലിൽ ശിവ വിലാസത്തിൽ ശിവദാസന്റെ വീട്ടിലെ മൂന്ന് കോഴികളെ കഴിഞ്ഞ ദിവസം നായ്‌ക്കൾ കടിച്ചു കൊന്നു.
എൽ.തുളസീധരൻ
പ്രസിഡന്റ്, എസ്.എൻ. ഡി .പി യോഗം
കാരുവേലിൽ 829 ാം നമ്പർ ശാഖ
തെരുവ് നായ്‌ക്കളെ പിടികൂടി എ.ബി.സി പദ്ധതി പ്രകാരം വന്ധീകരിക്കാൻ പശ്ചാത്തല സൗകര്യത്തിന്റെ പോരായ്‌മയുണ്ട്. എങ്കിലും വരുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഞ്ജു രാജ്
ചീരങ്കാവ് വാർഡ് മെമ്പർ