റേഷൻകടയിൽ 1 കി.ഗ്രാം പഞ്ചസാര 21 രൂപ
സപ്ലൈകോയിൽ 22
പൊതു വിപണി 43
കരുനാഗപ്പള്ളി: റേഷൻ കടകൾ വഴിയുള്ള പഞ്ചസാരയുടെ വിതരണം മുടങ്ങിയതോടെ പൊതു വിപണിയിൽ പഞ്ചസാരയുടെ വില കുതിക്കുന്നു. കഴിഞ്ഞ 4 മാസമായി റേഷൻ കടകൾ വഴിയുള്ള പഞ്ചസാരയുടെ വിതരണം നിലച്ചതാണ് വില ഉയരാൻ കാരണം. കുറഞ്ഞ വിലയ്ക്ക് പഞ്ചസാര വാങ്ങുന്നതിനായി സാധാരണക്കാർ റേഷൻ കടകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഇനിയും വില ഉയരും
റേഷൻ കടകളിൽ മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് പഞ്ചസാര നൽകിയിരുന്നത്. ഒരു കിലോഗ്രാം പഞ്ചസാരയുടെ വില 21 രൂപയായിരുന്നു. എന്നാൽ സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള സൂപ്പർ മാറ്റുകളിൽ എല്ലാ കാർഡുകാർക്കും 22 രൂപ നിരക്കിൽ ഒരു കിലോഗ്രാം പഞ്ചസാര നൽകിയിരുന്നു. . റേഷൻ കടകളേക്കാൾ ഒരു രൂപ മാത്രം കൂടുതൽ. ഇപ്പോൾ പൊതു വിപണിയിൽ ഒരു കിലോഗ്രാം പഞ്ചസാരയുടെ വില 43 ആണ്. ഇനിയും പഞ്ചസാരയുടെ വില ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
സപ്ലൈകോയുടെ അനാസ്ഥ
സംസ്ഥാനത്തെ റേഷൻ കടകൾക്ക് ആവശ്യമായ പഞ്ചസാര സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും സപ്ലൈകോ വഴിയാണ്. പഞ്ചസാര ശേഖരിച്ച് നൽകുന്ന കരാറുകാർക്ക് സപ്ലൈകോ പണം നൽകുന്നതിൽ വന്ന കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാകുന്നത്. പഞ്ചസാര ശേഖരിച്ച് നൽകുന്നതിനായി സപ്ലൈകോ ടെണ്ടർ ക്ഷണിച്ചെങ്കിലും കരാറുകാർ വിട്ട് നിന്നതിനാൽ പഞ്ചസാരയുടെ സംഭരണവും വിതരണവും മുടങ്ങുകയായിരുന്നു. ഇതുമൂലം സാധാരണക്കാർ വലിയ വില നൽകി പൊതു വിപണിയിൽ നിന്ന് പഞ്ചസാര വാങ്ങേണ്ടി വരുന്നു.
വഴക്കടിച്ച് കട ഉടമകളും കാർഡ് ഉടമകളും
കരുനാഗപ്പള്ളി താലൂക്കിൽ 247 റേഷൻ കടകളാണ് ഉള്ളത്. എല്ലാ കടകളിലും കൂടി 7, 200 മഞ്ഞ കാർഡുകളാണുള്ളത്. പ്രതിമാസം 75 ക്വിന്റൽ പഞ്ചസാരയാണ് വിതരണത്തിനായി വേണ്ടി വരുന്നത്. എന്നാൽ കഴിഞ്ഞ 4 മാസമായി പഞ്ചസാര വിതരണം മുടങ്ങിയതിനാൽ റേഷൻ കട ഉടമകളും കാർഡ് ഉടമകളും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവ് കാഴ്ചയാണ്. പൊതു വിപണിയിൽ പഞ്ചസാരയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളിലൂടെയുള്ള പഞ്ചസാരയുടെ വിതരണം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.