ഓഫീസ് പ്രവർത്തനം ജി​ല്ലാ ആസ്ഥാനത്ത് ഉടൻ

കൊല്ലം: ജില്ലയിലെ ദേശീയപാത വികസന പദ്ധതികൾ വേഗത്തിലാക്കാൻ ദേശീയപാത അതോറി​ട്ടി​യുടെ പുതിയ പ്രൊജക്ട് ഡയറക്ടർ ഓഫീസ് കൊല്ലത്ത് ആരംഭിക്കും. തിരുവനന്തപുരം പ്രൊജക്ട് ഓഫീസിൽ പ്രവർത്തനം തുടങ്ങി​യശേഷം കൊല്ലം ജി​ല്ലാ ആസ്ഥാനത്താവും ഡയറക്ടർ ഓഫീസ് പ്രവർത്തി​ക്കുക.

ദേശീയപാത 66 ആറു വരിയാക്കലിന്റെ ഭാഗമായി​ കാവനാട്- കൊറ്റുകുളങ്ങര റീച്ച്, എം.സി റോഡിന് സമാന്തരമായുള്ള നിർദ്ദിഷ്ട തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ, കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ എന്നിവയുടെ ചുമതല കൊല്ലം പ്രൊജക്ട് ഡയറക്ടർ ഓഫീസിനാകും. കാവനാട്- കടമ്പാട്ടുകോണം റീച്ചിന്റെ ചുമതല തിരുവനന്തപുരം പ്രൊജക്ട് ഡയറക്ടർ ഓഫീസിന് തന്നെയായിരിക്കും. പ്രൊജക്ട് ഡയറക്ടർ, ഡെപ്യൂട്ടി മാനേജർ, രണ്ട് സൈറ്റ് മാനേജർമാർ, ലെയ്സൺ ഓഫീസർ തുടങ്ങിയവരാകും കൊല്ലം ഓഫീസിലെ ജീവനക്കാർ. ചിന്നക്കടയിൽ നിന്നാരംഭിക്കുന്ന കൊല്ലം- തിരുമംഗലം പാത രണ്ട് വരിയാക്കൽ പദ്ധതിയും പുതിയ ഓഫീസ് വരുന്നതോടെ കരുത്താർജി​ക്കും.

വേഗത്തിലാക്കാൻ നിർദ്ദേശം

ദേശീയപാത വി​കസനം വേഗത്തിലാക്കാൻ കരാർ കമ്പനി​കൾക്ക് നി​ർദ്ദേശം നൽകി​യ ദേശീയപാത അതോറിട്ടി, നിർമ്മാണത്തിലെ തടസങ്ങൾ നീക്കുന്നതിനൊപ്പം ജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ രമ്യമായി പരിഹരിക്കാൻ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പലേടത്തും ഇനിയും കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുണ്ട്. ഇത് നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങൾ പൊളിച്ചുനീക്കി കൈമാറേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. നിർമ്മാണത്തി​ന് ആവശ്യമായ പ്ലാന്റുകൾ അടക്കം സ്ഥാപിക്കാനും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പിന്നിട്ടത് 36.5 ശതമാനം

ജി​ല്ലയി​ൽ ദേശീയപാത വി​കസപന രണ്ട് റീച്ചുകളിലായി 36.5 ശതമാനം പിന്നിട്ടു. കൊറ്റുകുളങ്ങര കാവനാട് റീച്ചിൽ ജില്ലയുടെ ഭാഗത്ത് 38 ശതമാനം നിർമ്മാണം പൂർത്തിയായി. കാവനാട് കടമ്പാട്ടുകോണം റീച്ചിൽ 35 ശതമാനം പിന്നിട്ടു. കൊറ്റുകുളങ്ങര കാവനാട് റീച്ചിൽ ടാറിംഗ് നടക്കുന്നില്ലെങ്കിലും അടിപ്പാതകളുടെയും മിനി ഫ്ലൈ ഓവറുകളുടെയും നിർമ്മാണം വലിയ അളവിൽ മുന്നോട്ടുപോയിട്ടുണ്ട്. കാവനാട് - കടമ്പാട്ടുകോണം റീച്ചിൽ ടാറിംഗ് കാര്യമായി നടക്കുന്നുണ്ട്.പന്നാൽ മറ്റ് നിർമ്മാണ പ്രവൃത്തികൾ അല്പം പിന്നിലാണ്.