കൊല്ലം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ കൂടുതൽ ചികിത്സാ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.കെ. ഗോപൻ പറഞ്ഞു. ഹോമിയോപ്പതി വകുപ്പിന്റെ സാംക്രമിക രോഗ നിയന്ത്രണ സെല്ലായ റീച്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കിയ 'സാംക്രമിക രോഗങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൈറോയിഡ്, പാലിയേറ്റീവ്, വാതരോഗം തുടങ്ങിയവയ്ക്കുള്ള ചികിത്സാ ക്ലിനിക്കുകൾ ജില്ലാ ഹോമിയോ ആശുപത്രിയിലുണ്ട്. ഇവയ്ക്ക് പുറമേ ഹോമിയോ ചികിത്സ ഫലപ്രദമാകുന്ന മറ്റു രോഗങ്ങൾക്കുള്ള പ്രത്യേക ക്ലിനിക്കുകൾ കൂടി അടുത്ത സാമ്പത്തിക വർഷം ഉൾപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.എസ്. പ്രസന്നകുമാർ, ഡോ. കെ. ഷാജി, അഡ്വ. സി.പി. സുധീഷ് കുമാർ, പ്രിജി ശശിധരൻ, ഹോമിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി.എസ്. ആശാറാണി തുടങ്ങിയവർ പങ്കെടുത്തു. ഡോ. ആർ. രജനി, ഡോ. സി.എസ്. പ്രദീപ് എന്നിവർ സെമിനാർ സെഷനുകൾ അവതരിപ്പിച്ചു.