അഞ്ചൽ: സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാർത്ഥികളടക്കം പതിനഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ അഞ്ചലിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ വടമൺ സ്കൂളിന് സമീപമാണ് അപകടം നടന്നത്.അഞ്ചൽ വഴി സർവീസ് നടത്തുന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. വളവ് തിരിയവേ മതിലിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അമിത വേഗതയും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായി പറയപ്പെടുന്നു .അമ്പതോളം യാത്രക്കാരുള്ളതിൽ പകുതിയോളം സ്കൂൾ - കോളേജ് വിദ്യാർത്ഥികളായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരെത്തിയാണ് രക്ഷിച്ചത്. ആരുടെയും നില ഗുരുതരമല്ല. മിക്കവരും ആശുപത്രികളിൽ നിന്നും പ്രാഥമിക ചികിത്സ കഴിഞ്ഞ് പോയി. അഞ്ചൽ പൊലീസെത്തി മേൽനടപടിയെടുത്തു.
അഞ്ചൽ വടമണിൽ സ്വകാര്യ ബസ് മറിഞ്ഞ നിലയിൽ