കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെ ആദ്യ ഹെൽത്ത് വെൽനെസ് സെന്റർ തൃക്കണ്ണമംഗലിൽ പ്രവർത്തനം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് നഗരസഭയിൽ രണ്ട് വെൽനെസ് സെന്ററുകൾ അനുവദിച്ചത്. 82 ലക്ഷം രൂപയാണ് ഇതിനായി ലഭ്യമായത്. ആദ്യത്തേത് തൃക്കണ്ണമംഗലിലും രണ്ടാമത്തേത് മുസ്ളീം സ്ട്രീറ്റിലുമാണ് പ്രവർത്തിക്കുക.
ഉച്ചയ്ക്ക് 1 മുതൽ
തൃക്കണ്ണമംഗലിൽ ഒരു ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ എന്നിവരുടെ സേവനം ലഭിക്കും. ദിവസവും ഉച്ചയ്ക്ക് 1 മുതലാണ് വെൽനെസ് സെന്ററിന്റെ പ്രവർത്തനം. ചെറിയ പനിയും മറ്റ് അസുഖങ്ങളുമെത്തുമ്പോൾ താലൂക്ക് ആശുപത്രിയിലേക്കാണ് ആളുകൾ എത്തുന്നത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗികളെത്തുന്നതിനാൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയുമുണ്ട്. ഇതിന് പരിഹാരംകൂടിയാണ് വെൽനെസ് സെന്ററുകൾ.
മന്ത്രി ഉദ്ഘാടനം ചെയ്തു
തൃക്കണ്ണമംഗലിൽ സ്ഥാപിച്ച ഹെൽത്ത് വെൽനെസ് സെന്റർ മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ വനജ രാജീവ്, ഫൈസൽ ബഷീർ, കെ.ഉണ്ണിക്കൃഷ്ണ മേനോൻ, മിനികുമാരി, ടി.വി.പ്രദീപ് കുമാർ, പി.ബിനി, അരുൺ കാടാംകുളം എന്നിവർ സംസാരിച്ചു.
തൃക്കണ്ണമംഗലിൽ വെൽനെസ് സെന്റർ യാഥാർത്ഥ്യമായി. ഇനി മുസ്ളീം സ്ട്രീറ്റിലും ഉടൻ സജ്ജമാക്കും. നഗരസഭയിലുള്ള രോഗികൾക്ക് വലിയ ആശ്വാസമായി സെന്ററുകൾ മാറും.
എസ്.ആർ.രമേശ്, നഗരസഭ ചെയർമാൻ