ആധാറിലെ വിവരങ്ങൾ 'ചോർത്തു'മെന്ന് ഭയം!

കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള 'റേഷൻ റൈറ്റ് കാർഡ് പദ്ധതി'യോട് മുഖംതിരിച്ച് തൊഴിലാളികൾ. ആധാർ കാർഡ് സ്വന്തം നാട്ടിലെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇവിടെ റേഷൻ ലഭിക്കുകയുള്ളൂ. തൊഴിലാളികൾ സഹകരിക്കാത്തതിനാൽ പദ്ധതിയുമായി മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ് അധികൃതർ.

'ഒരു രാജ്യം, ഒരു റേഷൻകാർഡ്' പദ്ധതിയുടെ ഭാഗമായാണ് റേഷൻ റൈറ്റ് കാർഡ് ആവിഷ്കരിച്ചത്. തമിഴ്, കന്നട, അസം, ബംഗാൾ, ഒഡീഷ ഭാഷകളിൽ കാർഡ് തയ്യാറാക്കും. അഞ്ച് കിലോ റേഷൻ സാധനങ്ങളാണ് ലഭിക്കുക. ജില്ലയിൽ ഇതുവരെ 1033 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 458 പേർക്ക് ഇതിനോടകം കാർഡുകൾ വിതരണം ചെയ്തു.

സിവിൽ സപ്ലൈസ് അധികൃതർ തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന ആധാർ വിവരങ്ങൾ റേഷൻ സോഫ്ട്‌വെയറിൽ പരിശോധിച്ചാണ് ഇവരുടെ നാട്ടിലെ റേഷൻകാർഡ് കണ്ടെത്തുന്നത്. പേരും വിവരങ്ങളും നൽകിയ ശേഷം ആധാർ നമ്പർ പിന്നീട് തരാമെന്നു പറഞ്ഞു മുങ്ങിയ 572 തൊഴിലാളികൾ ഇതുവരെ അധികൃതരുടെ കൺമുന്നിലെത്തിയിട്ടില്ല. ആദ്യം സിവിൽ സപ്ളൈസ് വകുപ്പ് നടത്തിയ വിവര ശേഖരണത്തിൽ തൊഴിലാളികൾ നിസഹകരിച്ചതിനാൽ ഡിവിഷൻ കൗൺസിലർമാരുടെയും തൊഴിലാളികളുടെ കരാറുകാരുടെയും സഹകരണത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചത്.

എല്ലാ താലൂക്കിലും പ്രതിസന്ധി

ജില്ലയിലെ ആറ് താലൂക്കുകളിലും റേഷൻ റൈറ്റ് കാർഡിന്റെ പ്രവർത്തനങ്ങൾ നിസഹകരണം മൂലം പ്രതിസന്ധിയിലാണ്. കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ ബോധവത്കരണം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിവിൽ സപ്ലൈസ് വകുപ്പ്. ഏറ്റവും അധികം തൊഴിലാളികൾ കാർഡിനായി രജിസറ്റർ ചെയ്തത് കരുനാഗപ്പള്ളി താലൂക്കിലാണ്, 616.

..............................................

1. കേരളത്തിൽ നിന്ന് റേഷൻ റൈറ്റ് കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങിയാൽ സ്വന്തം നാട്ടിലെ റേഷൻകാർഡിൽ നിന്നുള്ള വിഹിതം കുറയുമെന്ന് ഭയന്ന് ആധാർ നമ്പർ നൽകുന്നില്ല

2. മറ്റ് സംസ്ഥാനങ്ങളിൽ ക്രിമിനൽ കേസ് പ്രതികളായി മുങ്ങി കേരളത്തിലെത്തി ജോലി ചെയ്യുന്നവരെ തിരിച്ചറിയപ്പെടുമോ എന്ന ഭയം

3. ബംഗ്ലാദേശ്, റോഹിങ്ക്യൻ എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുമായി കേരളത്തിൽ തൊഴിലെടുക്കുന്നവരെ സർക്കാർ നിരീക്ഷിക്കുമോ എന്ന ഭയം

........................................................

വിവരശേഖരണം ഇതുവരെ

ജില്ലയിൽ രേഖകൾ നൽകിയവർ:- 1033

റേഷൻറൈറ്റ് കാർഡ് ലഭിച്ചവർ: 458

...............................

താലൂക്ക് തലത്തിൽ

താലൂക്ക് - വിവരം നൽകിയവർ- കാർഡ് ലഭിച്ചവർ

കരുനാഗപ്പള്ളി : 616-235
കൊല്ലം: 101-51
കൊട്ടാരക്കര: 111-52
കുന്നത്തൂർ: 84-84
പുനലൂർ: 45-15
പത്തനാപുരം: 76-21