പടിഞ്ഞാറെകല്ലട: ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം ഒറ്റത്തയ്യിൽ വീട്ടിൽ ടാർപ്പാ വലിച്ച് കെട്ടി അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിൽ ജന്മനാ മുട്ടുകാലിൽ നിരങ്ങി നീങ്ങുന്ന ശൈലജയുടെ മക്കളായ 34 കാരി വനജയുടെയും 29 കാരൻ ശരത്തിന്റെയും വീടിന്റെ പണി പൂർത്തീകരിക്കുന്നതിലേക്ക് റോട്ടറി ക്ലബ് ഒഫ് കൊല്ലം റോയൽ സിറ്റി എക്സിക്യൂട്ടീവ് ഭാരവാഹി കടപ്പാക്കട നന്ദനത്തിൽ ഷൈജു ശശിധരൻ 50,000 രൂപ സംഭാവനയായി നൽകി. കേരളകൗമുദി വാർത്തയെ തുടർന്ന് ശൈലജയുടെ വീടിന്റെ നിർമ്മാണം കല്ലട സൗഹൃദം കൂട്ടായ്മ ഏറ്റെടുത്തിരുന്നു. വീട് പണി ഒരു കരാറുകാരനെ ഏൽപ്പിച്ച് ഇപ്പോൾ പണി നടന്നുവരുന്നു. സുമനസുകളുടെ സഹായത്താലും പഞ്ചായത്തിൽ നിന്ന് അനുവദിച്ചു കിട്ടിയ തുകയും സ്വരൂപിച്ചുള്ള വീടിന്റെനിർമ്മാണം അന്തിമഘട്ടത്തിലാണ്. അടുത്തമാസം താമസ യോഗ്യമായ ഒരു വീട് ഈ കുടുംബത്തിന് നൽകുമെന്ന് കൂട്ടായ്മ പ്രസിഡന്റ് ചൂളത്തറ ശിവകുമാർ , സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ എന്നിവർ അറിയിച്ചു.