
കൊല്ലം: മൂന്നു വർഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച ഉമ്മ ആബിദയുടെ സ്മരണയ്ക്കായി 'തങ്കവനം'ഒരുക്കി ഫൈസൽ. തങ്കം എന്നാണ് ഉമ്മയെ സ്നേഹപൂർവം വിളിച്ചിരുന്നത്.ഉമ്മയുടെ ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് തദ്ദേശ സ്വയംഭരണ വകുപ്പിൽ കൊല്ലത്ത് അസി. ഡയറക്ടറായ തഴവ തൊടിയൂർ പുള്ളിയിൽ ഫൈസലിനെ വനമെന്ന ആശയത്തിൽ കൊണ്ടെത്തിച്ചത്.
ചെടികളും പച്ചപ്പും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഉമ്മയ്ക്ക് തങ്കവനം ഉചിത സ്മാരകമാണെന്ന് ഫൈസൽ പറയുന്നു. വീടിനോടു ചേർന്നുള്ള രണ്ടരയേക്കറാണ് തങ്കവനമാക്കിയത്. ആബിദ നട്ടുപരിപാലിച്ച മരങ്ങളും ഇവിടെയുണ്ട്.
വേനൽക്കാലത്ത് ദേശാടനക്കിളികളുടെ ഇഷ്ടസങ്കേതമാണിവിടം. പഴങ്ങളെല്ലാം ഇവർക്കുള്ളതാണ്. നഴ്സറികളിൽ നിന്നും വഴിയരികിൽ നിന്നുമെല്ലാമാണ് തൈകൾ ശേഖരിച്ചത്.
മികച്ച വനവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഈ വർഷത്തെ വനമിത്ര അവാർഡും തങ്കവനം ഫൈസലിനു സമ്മാനിച്ചു.
ഭാര്യ ഹസീനയും മക്കളായ മീനയും മാരിയയും മിന്നയും പൂർണ പിന്തുണയുമായി കൂടെയുണ്ട്. കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻ ജോയിന്റ് സെക്രട്ടറി അബ്ദുൾ റഹ്‌മാൻ കുഞ്ഞാണ് പിതാവ്.
വൈവിദ്ധ്യ കലവറ
ഈട്ടി, മരുത്, കടമ്പ്, കാട്ടുഞാവൽ, നീർമാതളം, നെല്ലി, മാവ് തുടങ്ങി 1500ലധികം മരങ്ങളും വ്യത്യസ്തയിനം മുളകളുമായി മുളങ്കാടും മഴവെള്ളം സംഭരിക്കാൻ 15 സെന്റിൽ ഒരുക്കിയ കുളവും തങ്കവനത്തിലുണ്ട്. ജൈവവളമാണ് ഉപയോഗിക്കുന്നത്. ആനയെ മയക്കുന്ന എലിഫന്റ് ആപ്പിളും 24 മുഖമുള്ള രുദ്രാക്ഷവും പെർഫ്യൂം ഫ്രൂട്ടും രാത്രിയിൽ കത്തുന്ന പാണ്ഡവ ടോർച്ചും പ്രമേഹത്തെ ചെറുക്കുന്ന ഏകനായകവും സോപ്പുമരവുമെല്ലാം അദ്ഭുതക്കാഴ്ചകൾ. എട്ടു ലക്ഷം രൂപയാണ് ഇതുവരെ ചെലവായത്.
എലിഫന്റ് ആപ്പിൾ
ഡിലേനിയ ഇൻഡിക്ക എന്ന് ശാസ്ത്രനാമം. പുറം തോടിന് കട്ടിയുണ്ട്. തെക്കുകിഴക്കൻ ഏഷ്യയാണ് ജന്മദേശം. ആന ഉൾപ്പെടെയുള്ള വന്യജീവികൾക്ക് ഇഷ്ടം.
തങ്കവനത്തിൽ നിൽക്കുമ്പോൾ ഉമ്മ ഒപ്പമുള്ളതുപോലെ തോന്നും. എന്ത് സങ്കടവും ഇവിടെ വന്നാൽ മാറും.
-എ.ഫൈസൽ