photo
ബി.കെ.എം.യു കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കർഷക തൊഴിലാളി ഫെഡറേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ കരുനാഗപ്പള്ളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷക തൊഴിലാളി പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, പെൻഷൻ തുക 3000 രൂപയായി വർദ്ധിപ്പിക്കുക, കർഷക തൊഴിലാളി ,ക്ഷേമനിധി ബോ‌ഡിന് സർക്കാർ 500 കോടി രൂപ അനുവദിക്കുക, ഉപാധി രഹിതമായി പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി വില്ലേജ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.ശ്രീധരൻപിള്ള അദ്ധ്യക്ഷനായി. പാർട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.ശശിധരൻപിള്ള, ബി.കെ.എം.യു മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ.രവി, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം ബി.ശ്രീകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി, സി.പി.ഐ കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി രാജു കൊച്ചു തോണ്ടലിൽ, കരുനാഗപ്പള്ളി നഗരസഭ മുൻ ചെയർപേഴ്സൺ സീനത്ത് ബഷീർ, കയർ തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുപ്രഭ എന്നിവർ സംസാരിച്ചു.