കൊല്ലം: ചവറ വികാസ് കലാ സാംസ്കാരിക സമിതിയുടെ 40-ാം വാർഷികാഘോഷം നാളെ മുതൽ 26 വരെ നടക്കുമെന്ന് വികാസ് ഭാരവാഹികൾ അറിയിച്ചു. നാളെ വൈകിട്ട് 4.30ന് വനിതാ സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. കെ.കെ.ശൈലജ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.ദിവ്യ.എസ്.അയ്യർ, ഡോ.എസ്.എസ്.താര എന്നിവർ സംസാരിക്കും. 21ന് വൈകിട്ട് 7ന് സി.എൻ ശ്രീകണ്ഠൻനായർ നാടകോത്സവത്തിൽ നീരാവിൽ പ്രകാശ് കലാകേന്ദ്രം മായാവി, മറഡോണ എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 22ന് രാവിലെ 9 മുതൽ ചിത്രപ്രദർശനം. 23ന് വൈകിട്ട് 7 മുതൽ കുട്ടികളുടെ നാടകങ്ങൾ അവതരിപ്പിക്കും. പാവുമ്പ ഹൈസ്കൂൾ അവതരിപ്പിക്കുന്ന 'കെണി', പാവുമ്പ അമൃത യു.പി.എസ് അവതരിപ്പിക്കുന്ന 'ഉണ്ണിക്കുട്ടന്റെ പുസ്‌തകങ്ങൾ' എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്. 24ന് വൈകിട്ട് 7.30ന് വികാസ് അവതരിപ്പിക്കുന്ന നാടകം കുമാരസംഭവം. 25ന് വൈകിട്ട് 7 മുതൽ കുടുംബ കലാമേള. 26ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പത്രപ്രവർത്തകൻ എം.ജി.രാധാകൃഷ്‌ണൻ, നർത്തകി ഡോ.മേതിൽ ദേവിക, ദൂരദർശൻ മുൻ പ്രോഗ്രാം ഡയറക്ടർ ബൈജു ചന്ദ്രൻ എന്നിവർ പങ്കെടുക്കും.