കൊല്ലം: ജില്ലയിലെ ക്രൈസ്‌തവ സഭകൾ ഇന്ന് മുതൽ 28 വരെ സഭകളുടെ ഐക്യ പ്രാർത്ഥനാവാരമായി ആചരിക്കും. കൊല്ലം എക്യുമെനിക്കൽ ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാവാരം.
ആശ്രാമം ഹോളി ഫാമിലി റോമൻ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് 6.30ന് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും. 22ന് പട്ടത്താനം സെന്റ് തോമസ് സി.എസ്.ഐ ചർച്ച്, 23ന് ചിന്നക്കട സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് കത്തീഡ്രൽ, 24ന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ, 25ന് ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ചർച്ച്, 26ന് രണ്ടാംകുറ്റി തോമാ ശ്ലീഹാ സീറോ മലബാർ കാത്തലിക് ചർച്ച്, 27ന് കടപ്പാക്കട സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിലും പ്രാർത്ഥന നടക്കും. 28ന് സമാപന സമ്മേളനം പട്ടത്താനം സെന്റ് ജോൺസ് മാർത്തോമ്മ ചർച്ചിൽ നടക്കും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ വിവിധ യോഗങ്ങളിൽ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പൊലീത്ത, ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, ബിഷപ്പ് ഡോ. തോമസ് മാർ തീത്തോസ്, മോൺ. ഡോ. ബൈജു ജൂലിയാൻ, ഡോ. മോത്തി വർക്കി, റെയ്ച്ചൽ ജോർജ്, ഫാ. ജോബ് സാം മാത്യു, അഡ്വ. ഷീബ തരകൻ, സിസ്റ്റർ ഉഷാറ്റ മേരി (എഫ്.ഐ.എച്ച്) എന്നിവർ സംസാരിക്കും. ചാത്തന്നൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ കൗൺസിലിന്റെ സംയുക്താഭിമുഖ്യത്തിൽ ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ 25ന് എക്യുമെനിക്കൽ പ്രാർത്ഥന നടക്കും. ബിഷപ്പ് ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയാൻ അദ്ധ്യക്ഷനാകും. അഖില ലോക സഭാ കൗൺസലിന്റെ ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മിഷനും, റോമൻ കത്തോലിക്ക സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ക്രിസ്ത്യൻ യൂണിറ്റിയും സംയുക്തമായിട്ടാണ് അഷ്ടദിന പ്രാർത്ഥനകൾ ആഗോളതലത്തിൽ ക്രമീകരിക്കുന്നത്.
എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് കോ ചെയർമാൻ ഫാ. ഡോ.അഭിലാഷ് ഗ്രിഗറി, പബ്ലിസിറ്രി കമ്മിറ്റി ചെയർമാൻ എം.ഡി കോശി, ജനറൽ കൺവീനർമാരായ മാർഷൽ ഫ്രാങ്ക്, പി.ഒ.സണ്ണി, സെക്രട്ടറി ജേക്കബ് ഈശോ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.