thara-

മയ്യനാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുഖത്തല ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബ്ലോക്കിലെ ഒരു നിർദ്ധനന് തല ചായ്ക്കാനൊരിടം ഭവനനിർമാണ പദ്ധതിക്ക് തറക്കല്ലിട്ടു. മയ്യനാട് ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലെ തോപ്പിൽ വീടിന് സമീപം പൊന്നേത്ത് കിഴക്കതിൽ ഷീജയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. 10 ലക്ഷം രൂപ ചെലവഴിച്ച് 500 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നിർമ്മിച്ച് നൽകുന്നത്. വിടീന്റെ തറക്കല്ലിടൽ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ നിർവഹിച്ചു. തുടർന്ന് നടന്ന സ്നേഹസമ്മേളനം മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.യു മുഖത്തല ബ്ലോക്ക് പ്രസിഡന്റ് ആർ.അയ്യപ്പൻ പിള്ള അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ്.സെൽവി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷീല, ഗ്രാമപഞ്ചായത്ത് അംഗം വിപിൻ വിക്രം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.ഷൺമുഖദാസ്, ബ്ലോക്ക് സെക്രട്ടറി എൻ.ഗോപിനാഥൻ, മയ്യനാട് യൂണിറ്റ് സെക്രട്ടറി എസ്.മോഹനദാസ്, പ്രസിഡന്റ് ജി.വിജയകുമാർ എന്നിവർ സംസാരിച്ചു. മേയിൽ നടക്കുന്ന കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനത്തിൽ താക്കോൽ ദാനം നടത്തുന്ന രീതിയിൽ നിർമ്മാണം പൂർത്തിയാക്കും. മുഖത്തല മൾട്ടിപർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല നിർവഹിക്കുന്നത്.