എഴുകോൺ: മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുക വഴി പ്രാദേശികമായി ഏറെ വികസന സാദ്ധ്യതകളുള്ള ഈരാടൻ മുക്ക്- മുളവന റോഡ് ചർച്ചകളിലും സാദ്ധ്യതാ പഠനങ്ങളിലും ഒതുങ്ങിയിട്ട് വർഷങ്ങളായി. എഴുകോൺ, പവിത്രേശ്വരം ,കുണ്ടറ പഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ കഴിയുന്ന ഈരാടൻമുക്ക് -ടി.കെ .എം കോളേജ് -ചാമുണ്ടിമൂല-മുളവന സ്വപ്‌ന പാത കുണ്ടറ, കുന്നത്തൂർ, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്നു.
ഏകദേശം 1600 വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പടെ 200 ഓളം ജീവനക്കാരുമുള്ള കാരുവേലിൽ ടി.കെ .എം മാനേജ്മന്റ് കോളേജിന് സമാന്തരമായി തുടങ്ങി ഏലായുടെ മദ്ധ്യഭാഗത്ത് കൂടി അക്കരെ മുളവന വഴി വിദൂരങ്ങളിലേക്ക് വികസിക്കാൻ സാദ്ധ്യതയുള്ള റോഡിനെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങുമെത്താത്തത്. നിലവിൽ ഈ പ്രദേശത്തുകാർക്ക് ബസ് റൂട്ടിൽ എത്തണമെങ്കിൽ ഒന്നര കിലോമീറ്റർ സഞ്ചരിക്കണം.
നേരത്തെയുണ്ടായിരുന്ന പാത കാൽനട യാത്രക്ക് മാത്രം പര്യാപ്‌തമായിരുന്നു. കുറെ ഭാഗം കാട് പിടിച്ചിരിക്കുകയാണ്. കോളേജിന്റെ സമീപത്ത് നിന്ന് തുടങ്ങുന്ന കുത്തനെയുള്ള ഇറക്കവും കയറ്റവും നേരെയാക്കി വേണം പാത നവീകരിക്കാൻ. കോളേജിന്റെ മുൻവശം വരെ 8 മീറ്റർ വീതിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള റോഡുണ്ട്. ഏകദേശം 600 മീറ്ററിൽ നടക്കേണ്ടുന്ന ബാക്കി റോഡിന്റെ നിർമ്മാണത്തിന് പഞ്ചായത്ത് ഫണ്ട് അപര്യാപ്‌തമാണ്. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ വിഷയം ഉന്നയിച്ചിട്ടുണ്ട്. കിഫ്‌ബി ഫണ്ട് നേടിയെടുക്കുകയാണ് ലക്ഷ്യം.
വി.എസ്.സോമരാജൻ
മുൻ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ്
നിലവിലെ വഴിയുടെ ഒരു ഭാഗത്ത് വൻ താഴ്‌ച്ചയാണ്. പാർശ്വഭിത്തി നിലവിലുണ്ട്. നേരത്തെ കോളേജിന് മുൻ വശം വരെ ബസ് റൂട്ടുണ്ടായിരുന്നത് ഇപ്പോഴില്ല. കോളേജിന് മതിയായ ബസ് സൗകര്യമുള്ളതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടില്ല. റോഡ് വികസിച്ചാൽ പുതിയ ബസ് സർവീസ് ആരംഭിക്കാനാകും. അത് വഴി നാട്ടുകാരുടെ യാത്രാ ദുരിതത്തിനും അറുതിയാകും.
ലിജു ചന്ദ്രൻ
വാർഡ് മെമ്പർ