 
ശാസ്താംകോട്ട: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ചിരിക്കുന്ന എ.ഐ കാമറ സമീപവാസികളെ ദുരിതത്തിലാക്കുന്നതായി പരാതി. കാമറയിൽപ്പെടാതെ രക്ഷപ്പെടാൻ വേണ്ടി സമീപത്തെ ഇട റോഡിലൂടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കുട്ടികളും മുതിർന്നവരുമുൾപ്പടെ ഉള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് മിക്കയിടത്തും.
അമിത വേഗത
കാരാളിമുക്ക്,മൈനാഗപ്പള്ളി എന്നിവിടങ്ങളിലെ ഇടറോഡുകളിലാണ് പ്രധാന പ്രശ്നങ്ങൾ. കാരാളിമുക്കിൽ പ്രധാന പാതയ്ക്ക് സമാന്തരമായുള്ള കെ.ഐ.പി കനാൽ റോഡിൽ അപകട സാദ്ധ്യതയേറെയാണ്. വീതി കുറഞ്ഞ മണ്ണു റോഡിലൂടെ ഇരു വശത്തേക്കുമുള്ള ഇരുചക്രവാഹനങ്ങൾ അമിത വേഗത്തിൽ എത്തുന്നത് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണിയാകുന്നു.
പൊടി ശല്യം രൂക്ഷം
കോൺക്രീറ്റോ , ടാറോ ചെയ്യാത്ത കനാൽ റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ പൊടി ശല്യം രൂക്ഷമാണ്. സമീപത്തെ വീടുകളുടെ മതിലുകളിലും വൃക്ഷങ്ങളിലുമൊക്കെ പൊടി മൂടി കിടക്കുകയാണ്. ചെറിയ കുട്ടികളിലും മുതിർന്നവരിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതായും പരാതിയുണ്ട്. ഇടറോഡുകൾ വന്നു കയറുന്ന പ്രധാന പാതയിലും അപകട സാദ്ധ്യത കൂടുതലാണ്.