കൊല്ലം: സാംസ്കാരികവകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി സംഘടിപ്പിക്കുന്ന ചെറുകഥ ക്യാമ്പും കലാ സാംസ്‌കാരിക സന്ധ്യയും ഇന്നും നാളെയുമായി നടക്കും.ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ദേവകി വാര്യർ സ്മാരകത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ.മായ, ദേവകി സ്മാരകം പ്രസിഡന്റ് അനസൂയ, എക്‌സിക്യുട്ടീവ് അംഗവും എഴുത്തുകാരിയുമായ ആർ. പാർവതി ദേവി, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കെ.എസ്.എഫ്.ഡി.സി എം.ഡി അബ്ദുൾ മാലിക്, കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ, വാർഡ് കൗൺസിലർ എസ്. സജിതാനന്ദ് തുടങ്ങിയവർ പങ്കെടുക്കും. സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ നന്ദിയും പറയും. ചെറുകഥാ ക്യാമ്പിൽ എഴുത്തുകാരായ ഡോ. ശാരദക്കുട്ടി, ആർ. പാർവതീദേവി, എബ്രഹം മാത്യു, കെ.എ. ബീന, ഡോ. സി.എസ്. ചന്ദ്രിക, തനുജ ഭട്ടതിരി, ഡോ. സി.ആർ. പ്രസാദ്, എ.ജി. ഒലീന തുടങ്ങിയവർ സംസാരിക്കും.വൈകിട്ട് 6 ന് സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. നാളെ വൈകിട്ട് 6 ന് തൃശൂർ ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന ചെണ്ട മ്യൂസിക് ഫ്യൂഷൻ.