കൊല്ലം: മൺറോതുരുത്തിനെയും പടിഞ്ഞാറെ കല്ലടയേയും ബന്ധിപ്പിക്കുന്ന കണ്ണങ്കാട് പാലത്തിന്റെ നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കാൻ 4.33 കോടി കളക്ടർക്ക് കൈമാറി.

150 മീറ്റർ നീളത്തിൽ 15 മീറ്റർ വീതിയിൽ 5 സ്പാനുകളിലാണ് പാലം നിർമ്മിക്കുന്നത്. മൺറോരുതുരുത്ത് ഭാഗത്ത് 33 ഭൂവുടമകളിൽ നിന്ന് രണ്ട് വീടുകൾ ഉൾപ്പടെ 590 മീറ്റർ നീളത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. പടിഞ്ഞാറെ കല്ലട ഭാഗത്ത് 7 ഭൂവുടമകളിൽ നിന്ന് ഒരു വീട്, രണ്ട് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ 125 മീറ്റർ നീളത്തിൽ ഏറ്റെടുക്കും. രണ്ട് വില്ലേജുകളിലായി 0.545 ഹെക്ടർ ഭൂമി ആകെ ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ ഉടൻ പാലം നിർമ്മാണത്തിനുളള ടെണ്ടർ ക്ഷണിക്കും.

ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ പേഴംതുരുത്ത് പാലത്തിനൊപ്പം കണ്ണങ്കാട് പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം നഗരത്തിൽ നിന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ കുന്നത്തൂർ ഭാഗത്തേക്ക് എത്താം. ദേശീയപാത 66ൽ കൊല്ലം മുതൽ കരുനാഗപ്പള്ളി വരെയുള്ള ഭാഗത്തിന്റെ സമാന്തര പാത കൂടിയാണ് രൂപപ്പെടുന്നത്.