photo
പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ വരുണ പൂജക്ക് ശേഷം നിവേദ്യം മത്സ്യങ്ങൾക്ക് നിവേദിക്കുന്നതിനായി കടൽതീരത്തേക്ക് കൊണ്ട് പോകുന്നു.

കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ മീനൂട്ട് നടന്നു. നൂറ് കണക്കിന് ഭക്തർ മീനൂട്ടുമായുള്ള പൂജാദി കർമ്മങ്ങളിൽ പങ്കെടുത്തു. മകരഭരണി ഉത്സവത്തിന്റെ ഭാഗമായാണ് കടലിലെ മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്നത്. ഇന്നലെ രാവിലെ മുതൽ തന്നെ മീനൂട്ടിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ ആരംഭിച്ചു. മഞ്ഞച്ചോറാണ് പ്രധാന നിവേദ്യം. . ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് നിവേദ്യം പാകം ചെയ്യുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നെയ്ത്തിരി ദീപം തെളിച്ചു കൊണ്ട് വന്നാണ് ഭണ്ഡാര അടുപ്പിൽ തീ തെളിക്കുന്നത്.രാവിലെ 11 മണിയോടെ പൂക്കൾ കൊട്ട് അണിയിച്ച് ഒരുക്കി. രഥത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നിവേദ്യച്ചോറ് പന്തലിൽ എത്തിച്ചത്. തുടർന്ന് മാതാ അമൃതാനന്ദമഠത്തിലെ സ്വാമി ശരണാമൃത ചൈതന്യയെ പണ്ടാരതുരുത്ത്, വെള്ളനാതുരുത്ത് കരയോഗം പ്രസിഡന്റുമാർ പൂർണ കുംഭം നൽകി സ്വീകരിച്ച് ആനയിച്ചു. സ്വാമി ഭദ്രദീപം തെളിച്ചതോടെ മീനൂട്ട് പൂജകൾക്ക് തുടക്കമായി. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ അതിഥിയായിരുന്നു. ക്ഷേത്രം തന്ത്രി സുകുമാരൻ, ക്ഷേത്രം മേൽശാന്തി കണ്ണൻ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് വരുണ ദേവനെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങൾ ഉരുവിട്ടത്. പൂജയുടെ അവസാനത്തിൽ സ്വാമി ശരണ്യമൃത ചൈതന്യ, സുകുമാര തന്ത്രികൾ എന്നിവരുടെ നേതൃത്വത്തിൽ നിവേദ്യം കടലിൽ നിക്ഷേപിച്ചു. തുടർന്ന് ഭക്തർ മുഴുവൻ മഞ്ഞച്ചോറും കടലിലെ മത്സ്യങ്ങൾക്ക് നൽകി. അന്നദാനത്തോടെ മീനൂട്ടിന് സമാപനമായി.