കൊല്ലം: ആന്തരിക വിദ്യാഭ്യാസം നേടിയ ഒരാൾക്ക് മറ്റൊരാളെ വേദനിപ്പിക്കാനാകില്ലെന്നും ബഹുമാനിച്ചും ആദരിച്ചും മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാവനാട് ലേക്ക്‌ഫോർഡ് സ്‌കൂളിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയിൽ നിന്നു ഇന്നത്തെ യുവജനങ്ങൾക്ക് പഠിക്കാനേറെയുണ്ട്. ഗാന്ധിജിയുടെ ശില്പത്തിനു താഴെ എഴുതിയിരിക്കുന്ന എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നത് വെറും വാചകങ്ങളായല്ല കാണേണ്ടത്. അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഗാന്ധിജി ലോകരാജ്യങ്ങൾക്ക് ആരാദ്ധ്യനാണ്. വിദ്യാഭ്യാസത്തിൽ നിന്നും വിജ്ഞാനത്തിൽ നിന്നുമുള്ള പാഠം ആന്തരികമായിരിക്കണം. അത്തരത്തിലുള്ള വിദ്യാഭ്യാസമാണ് മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നത്. മഹാത്മ ഗാന്ധിയുടെ ആത്മകഥ കുട്ടികളെല്ലാം വായിക്കണം.
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായാണ് കറുത്തവർഗക്കാരനായ ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റായത്. ലൂഥർ കിഗിംന്റെ പ്രേരകശക്തി ഗാന്ധിജിയായിരുന്നു എന്നകാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
25 മിനിറ്റ് നീണ്ട പ്രസംഗം തുടങ്ങിയതും അവസാനിച്ചതും മലയാളത്തിലായിരുന്നു. ഗാന്ധി പ്രതിമ രൂപകല്പന ചെയ്ത ശിൽപി മനോജ് കുമാറിനെ ഗവർണർ ആദരിച്ചു. ജീവൻ തുടിക്കുന്ന ശില്പമാണ് ഇദ്ദേഹം നിർമ്മിച്ചിരിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ചടങ്ങിൽ ലേക്ക് ഫോർഡ് സ്‌കൂളിന്റെ ഉപഹാരം സ്‌കൂൾ ചെയർമാൻ കെ.അമൃതലാൽ, സീനിയർ പ്രിൻസിപ്പൽ ശ്യാമളലാൽ എന്നിവർ ചേർന്ന് ഗവർണർക്ക് സമ്മാനിച്ചു. ചടങ്ങിൽ ലേക്ക് ഫോർഡ് സ്‌കൂൾ ചെയർമാൻ കെ. അമൃത്‌ലാൽ അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ശ്യാമള ലാൽ, രക്ഷാധികാരികളായ ഡോ. കെ. സുബ്ബരാമൻ, ഡോ. ടി. മഹാലക്ഷ്മി, രാജീവ് പോൾ, സെക്രട്ടറി പരമേശ്വരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.