എഴുകോൺ : വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന് വർഷങ്ങളായി പാതയോരങ്ങളിൽ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ വെല്ലുവിളിയാകുന്നു. പ്രായോഗിക പദ്ധതികൾ ഉണ്ടാകാത്തതാണ് കാരണം. സാനിട്ടറി നാപ്കിനുകളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളുമാണ് മാലിന്യങ്ങളിൽ ഏറെയും.അടുത്തിടെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി പാതയോരത്തെ കാടുകൾ നീക്കിയപ്പോഴാണ് വലിച്ചെറിഞ്ഞ മാലിന്യങ്ങളൊക്കെ വെളിച്ചത്തായത്.കരീപ്ര ഇലയത്ത് തൊഴിലുറപ്പിലെ തണൽ മരം നടാൻ കാടു തെളിച്ചപ്പോഴാണ് കെട്ടുകളാക്കി തള്ളിയ മാലിന്യങ്ങൾ കണ്ടത്. തെളിച്ച കാട് പൂർവ സ്ഥിതിയിലായിട്ടും മാലിന്യം നശിപ്പിക്കാനോ നീക്കാനോ കഴിഞ്ഞിട്ടില്ല.എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരത്തും നെടുമ്പായിക്കുളം റെയിൽവേ മേൽപ്പാല ഭാഗത്തുമാണ് ഇത്തരത്തിൽ വലിച്ചെറിഞ്ഞവ കിടക്കുന്നത്. അമ്പലത്തുംകാലയിലും കോളന്നൂരിലും ഈ സ്ഥിതി തന്നെ.
മാലിന്യം മാറി പൂന്തോട്ടം വരും
കൊട്ടാരക്കര റെയിൽവേ മേൽപ്പാലം മുതൽ കൊല്ലത്തേക്കുള്ള ദേശീയ പാതയോരത്ത് പലയിടത്തും വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നീക്കാനുണ്ട്.
എൻ.എസ്.എസുമായി ചേർന്ന് മാലിന്യങ്ങൾ നീക്കി പൂന്തോട്ടമൊരുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വമിഷൻ ഫണ്ടിൽ നിന്ന് 5000 രൂപ വരെ ചെലവഴിക്കാനാകും.
വലിയ മാലിന്യക്കൂനകൾ യന്ത്രസഹായത്തോടെ നീക്കുന്നതിന്
പ്രത്യേക പദ്ധതിയും തയ്യാറാക്കാം. പ്ലാൻ ഫണ്ട് കൂടി ഇതിന് ഉപയോഗിക്കാം. മാലിന്യങ്ങൾ ഹരിത കർമ്മ സേന തരം തിരിച്ച് സിമന്റ് ഫാക്ടറികളിലേക്കും മറ്റുമാണ് നൽകേണ്ടത്. എന്നാൽ ഇതിന് വേണ്ടത്ര ഗതിവേഗം വന്നിട്ടില്ല. വർഷങ്ങളായി അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ തരം തിരിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ട്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം
മാലിന്യ കേന്ദ്രങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കി വലിച്ചെറിയൽ നിയന്ത്രിക്കാനാണ് ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. മാലിന്യം തള്ളുന്നവർക്ക് 25000 രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
മുൻ പിൻ നോക്കാതെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ ജനങ്ങളാണ് ഈ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദികൾ. എന്റെ മാലിന്യം എന്റെ ഉത്തര വാദിത്തമെന്ന ബോധം ഉൾക്കൊള്ളാൻ ജനങ്ങൾക്കായാലേ വലിച്ചെറിയൽ മുക്ത കേരളം സാധ്യമാകൂ.
വർഷങ്ങളായി കിടക്കുന്ന മാലിന്യങ്ങൾ നീക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
എ.ആർ.അമീർഷാ
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ , ശുചിത്വ മിഷൻ