കൊല്ലം: ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ. കാരികുഴി, വയലിൽ പുത്തൻ വീട്ടിൽ ജിത്തു (27), അനന്ദു (24) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10ന് ഇരവിപുരത്തെ ബാറിൽ ഇരവിപുരം സ്വദേശിയായ മഹേഷും പ്രതികളായ സഹോദരങ്ങളും തമ്മിൽ വാക്ക്തർക്കമുണ്ടായി. തുടർന്ന് ജിത്തു, മഹേഷിനെ കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും നിലത്ത് വീണ മഹേഷിനെ അനന്ദു ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച മഹേഷിന്റെ ബന്ധുവായ ശ്യാംകുമാറിനെയും പ്രതികൾ മർദ്ദിച്ചു. ശ്യാംകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ് സി.പി.ഒ. രാജീവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.