p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒന്നാംഘട്ട സമർപ്പണാഘോഷം 23ന് വൈകിട്ട് 3.30ന് യൂണിവേഴ്സിറ്റി മന്ദിരത്തിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ. പി.എം.മുബാറക്ക് പാഷ അറിയിച്ചു.

യൂണിവേഴ്സിറ്റിയുടെ നേട്ടങ്ങളും സവിശേഷതകളും ചേർന്ന ഒന്നാംഘട്ട വികസനത്തിന്റെ സാക്ഷാത്കാര സമർപ്പണം മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.മുകേഷ് എം.എൽ.എ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുക്കും. യു.ജി.സിയുടെ അംഗീകാരം നേടിയ 28 ബിരുദ-ബിരുദാനന്തര പാഠ്യപദ്ധതികളുടെ ഔപചാരിക സമർപ്പണം, യൂണിവേഴ്സിറ്റിയുടെ സവിശേഷ പഠനപുസ്തകങ്ങളുടെ 100-ാമത്തെ ശീർഷകത്തിന്റെ പ്രകാശനം, അക്കാ‌‌‌ഡമിക് കൗൺസലിംഗ് വീഡിയോ സമർപ്പണം, പരീക്ഷാസമ്പ്രദായ നിയമാവലി പ്രകാശനം എന്നിവ നടക്കും. യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത നാലുവർഷ ബിരുദ പാഠ്യപദ്ധതിരേഖ യു.ജി.സിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. 2020 ഒക്ടോബർ 2നാണ് യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിച്ചത്.

23 പഠനകേന്ദ്രങ്ങളും നാല് മേഖലാകേന്ദ്രങ്ങളും വഴി 22000ത്തിലധികം വിദ്യാർത്ഥികൾ പ്രവേശനം നേടി. സൂക്ഷ്മസംരംഭകരുടെ നിർമ്മിതിക്ക് സഹായകമാകുന്ന നൂതന പാഠ്യപദ്ധതി ബി.എ നാനോ ഓൺട്രപ്രണർഷിപ്പ് വികസിപ്പിച്ചു. കൂടാതെ 'നവകേരള നിർമ്മിതിയിൽ ഒരുതുള്ളി" പദ്ധതിയും ആരംഭിച്ചു.

പ്രോ. വൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ, രജിസ്ട്രാർ ഡോ. ഡിംപി വി.ദിവാകരൻ, സിൻഡിക്കേറ്റ് മെമ്പർമാരായ അഡ്വ. ബിജു.കെ.മാത്യു, എ.നിസാമുദ്ദീൻ, ഡോ. സി.ഉദയകല, ഡോ. എം.ജയപ്രകാശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇതുവരെ യൂണിവേഴ്സിറ്റി കൈവരിച്ച നേട്ടങ്ങളുടെ അടയാളപ്പെടുത്തലാണ് ഒന്നാംഘട്ട സമർപ്പണത്തിന്റെ കാതൽ.

ഡോ. പി.എം.മുബാറക്ക് പാഷ

വൈസ് ചാൻസലർ, ഓപ്പൺ യൂണിവേഴ്സിറ്റി