
വേണ്ടത് 5 ലക്ഷം
കൊല്ലം: സ്പാനിഷ് ക്ളബ്ബായ വലൻസിയയിൽ ഫുട്ബാൾ പരിശീലനമെന്ന അമൽ റസലിന്റെ സ്വപ്നത്തിന് മേൽ ചുവപ്പ് കാർഡുയർത്തി ദാരിദ്ര്യത്തിന്റെ ക്രൂരത. മത്സ്യത്തൊഴിലാളി കുടുംബവും കുട്ടിക്കാലം മുതൽ ഫുട്ബാൾ ജീവനുമായ ഇരവിപുരം പനമൂട് നഗർ സ്വദേശി അമൽ റസലിനാണ് (21) വിദേശ പരിശീലനത്തിന് അവസരം ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസമായി നിൽക്കുന്നത്.
ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന്റെ ആകെ ചെലവ് അഞ്ചുലക്ഷം രൂപയാണ്. ഈ മാസം 28ന് മുമ്പ് പണം അടച്ചാൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. എന്നാൽ ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അമൽ. കഴിഞ്ഞ നവംബർ 11ന് കൊച്ചിയിലായിരുന്നു സ്പെയിനിലേക്കുള്ള സെലക്ഷൻ. ബന്ധു ജോയിസണാണ് സെലക്ഷനെ കുറിച്ച് പറഞ്ഞത്. പങ്കെടുക്കാനുള്ള 2000 രൂപയും ജോയിസൺ നൽകി. കേരളത്തിന്റെ പലഭാഗത്തു നിന്നായി 141 പേർ പങ്കെടുത്തതിൽ 25 പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. ചെന്നൈയിലെ ഫുട്ബാൾ പ്ലസ് എന്ന സംഘടനയായിരുന്നു സംഘാടകർ. സ്പെയിനിലെ സോക്കർ അക്കാഡമിയായ ഇ.എഫ് മിസ്‌ലാറ്റ യു.എഫും വലെൻസിയ ക്ലബും ചേർന്നാണ് പരിശീലനം നൽകുക. ഏപ്രിലിലോ മേയിലോ പരിശീലനം ആരംഭിക്കും.
'ട്രാക്കിൾ' ചെയ്ത് ദാരിദ്രയം
കഴിഞ്ഞ വർഷം അവസരം ലഭിച്ചെങ്കിലും അന്നും സാമ്പത്തിക പ്രതിസന്ധി തടസമായി. വീട്ടിലെ അവസ്ഥയെ തുടർന്ന് പ്ലസ്ടുവിൽ പഠനം നിറുത്തി വെൽഡിംഗ് ജോലിക്കിറങ്ങി. അപ്പോഴും മയ്യനാടുള്ള മാജിക്കൽ ബൂട്ട് എന്ന ക്ലബിന് വേണ്ടി അമൽ ബൂട്ടണിയുന്നുണ്ടായിരുന്നു. ജോലിക്ക് ശേഷം കടൽ തീരത്തെ ചൊരിമണലിൽ പന്ത് തട്ടി പരിശീലിച്ചു. കഠിന പരിശ്രമത്തിനൊടുവിൽ വീണ്ടും അവസരം അമലിന് മുന്നിലെത്തിയപ്പോഴും സാമ്പത്തിക അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. മത്സ്യത്തൊഴിലാളിയായ അച്ഛൻ റസലും അമ്മ മിനിയും സഹോദരൻ സനലും അടങ്ങുന്നതാണ് അമലിന്റെ കുടുംബം. ഫോൺ: 7025446921.
ഒരുപാട് കടമ്പകൾ കടന്നാണ് വീണ്ടും സ്പെയിനിൽ പോകാൻ അവസരം കിട്ടിയത്. പണം അടയ്ക്കാൻ പറ്രാതെ അവസരം നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്.
അമൽ റസൽ